ഗസ്സക്ക് വീണ്ടും സൗദിയുടെ സഹായഹസ്തം; അവശ്യവസ്തുക്കളുമായി 38-ാം വിമാനം നാളെ യാത്രതിരിക്കും
ഈജിപ്തിലെത്തിക്കുന്ന വസ്തുക്കൾ റഫാ അതിർത്തി വഴി ഗസ്സയിലേക്കെത്തിക്കും.
റിയാദ്: ഗസ്സക്ക് സൗദിയുടെ കൂടുതൽ സഹായഹസ്തം. അവശ്യവസ്തുക്കളുമായി 38-ാം വിമാനം നാളെ ഈജിപ്തിലേക്ക് തിരിക്കും. ഈജിപ്തിലെത്തിക്കുന്ന വസ്തുക്കൾ റഫാ അതിർത്തി വഴി ഗസ്സയിലേക്കെത്തിക്കും. കിങ് സൽമാൻ റിലീഫ് സെന്ററിനു കീഴിലാണ് സഹായവിതരണം.
30-ൽ അധികം വിമാനങ്ങളിലും കപ്പലിലുമായി ഈജിപ്തിലെത്തിച്ച വസ്തുക്കളുടെ വിതരണം ഗസ്സയിൽ തുടരുന്നതായി കിങ് സൽമാൻ റിലീഫ് സെന്റർ വൃത്തങ്ങൾ അറിയിച്ചു. റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്ന 38-ാം വിമാനം ഈജിപ്തിലെ അൽഅരീഷ് വിമാനത്താവളത്തിലിറങ്ങും. ഇവിടെ നിന്നും റോഡുമാർഗം റഫാ അതിർത്തി വഴി ഗസ്സയിലെക്കെത്തിച്ച് വിതരണം ചെയ്യുന്നതിനാണ് പദ്ധതി. ഭക്ഷണം, മരുന്ന്, വസ്ത്രം, പാർപ്പിട സൗകര്യങ്ങൾ എന്നിവ അടങ്ങുന്ന 23 ടൺ വസ്തുക്കളാണ് വിമാനത്തിലയക്കുക. ഫലസ്തീൻ ജനതയുടെ പ്രതിസന്ധിയിൽ അവർക്കൊപ്പം നിൽക്കുകയെന്ന ചരിത്രപരമായ ദൗത്യമാണ് സഹായവിതരണം തുടരുന്നത് വഴി സൗദി നടത്തികൊണ്ടിരിക്കുന്നതെന്ന് റിലീഫ് സെന്റർ വൃത്തങ്ങൾ വ്യക്തമാക്കി. ഫലസ്തീന് സഹായമെത്തിക്കുന്നതിന്റെ ഭാഗമായി സൗദിയിൽ പൊതുജനങ്ങളിൽ നിന്നും ധനസഹായവും സ്വരൂപിച്ചുവരുന്നുണ്ട്.