സൗദി അറേബ്യ - ഈജിപ്ത് വ്യാപാര ബന്ധം ശക്തം; വ്യാപാരമൂല്യം 365 ബില്യൺ റിയാൽ കടന്നു
ഇതോടെ സൗദി അറേബ്യയുടെ വ്യാപാര പങ്കാളികളായ രാജ്യങ്ങളിൽ ഈജിപ്തിൻ്റെ സ്ഥാനം ഏഴായി ഉയർന്നു
റിയാദ്: സൗദി അറേബ്യയും ഈജിപ്തും തമ്മിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ നടത്തിയ വ്യാപാരമൂല്യം മുന്നൂറ്റി അറുപത്തി അഞ്ചു ബില്യൺ റിയാൽ കടന്നു. 38 ശതമാനം വ്യാപാര വളർച്ചയാണുണ്ടായത്. ഇതോടെ സൗദി അറേബ്യയുടെ വ്യാപാര പങ്കാളികളായ രാജ്യങ്ങളിൽ ഈജിപ്തിൻ്റെ സ്ഥാനം ഏഴായി ഉയർന്നു.
ഇതോടെ സൗദി അറേബ്യയുടെ വ്യാപാര പങ്കാളികളായ രാജ്യങ്ങളിൽ ഈജിപ്റ്റിന്റെ സ്ഥാനം ഏഴായി ഉയർന്നു. ഇരുപത്തി ഒന്നാം സ്ഥാനത്തു നിന്നാണ് ഈജിപ്ത് നില മെച്ചപ്പെടുത്തിയത്. ഈജിപ്തിൽ നിന്നും സൗദി ഇറക്കുമതി ചെയ്തത് 245 ബില്യൺ റിയാലിന്റെ ഉത്പന്നങ്ങളാണ്. 120 ബില്യൺ റിയാലിന്റെ ഉത്പന്നങ്ങൾ കയറ്റുമതിയും ചെയ്തു. ഇതിലൂടെ രാജ്യത്തിന് നേടാനായത് 125 ബില്യൺ റിയാലിലധികമാണ്. ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വളർച്ച 37.9% ആണ്.
ഈ കാലയളവിലെ വ്യാപാര മൂല്യം 35 ബില്യൺ റിയാലിലധികമാണ്. എണ്ണക്ക് പുറമെ പ്ലാസ്റ്റിക്ക്, രാസവസ്തുക്കൾ, ധാതുക്കൾ എന്നിവയാണ് സൗദിയിൽ നിന്നും കയറ്റുമതി ചെയ്തത്. സസ്യ ഉൽപ്പന്നങ്ങൾ, ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിയും വർധിച്ചിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സന്ദർശനത്തിനായി ഇന്ന് ഈജിപ്ത്തിലെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ വിവിധ നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ടും, മേഖലയിലെ പ്രശ്‌നങ്ങളും ചർച്ച ചെയ്യും.