സൗദി: റദ്ദാക്കിയ വിമാന സർവീസുകളുടെ ടിക്കറ്റ് തുക തിരിച്ചു നൽകാൻ നിർദ്ദേശം
പഴയ ടിക്കറ്റുകളുടെ പുനരുപയോഗ സമയത്ത് അധിക ചാർജ് ഈടാക്കാൻ പാടില്ല. യാത്രികന്റെ സമ്മതത്തോടെ യാത്ര പുനക്രമീകരിക്കുകയാണെങ്കിൽ നിശ്ചിത റൂട്ടിന്റെ അധിക ചാർജ് ഈടാക്കാമെന്നും അതോറിറ്റി അറിയിച്ചു
Update: 2021-10-15 16:25 GMT
സൗദിയിൽ കോവിഡിനെ തുടർന്ന് റദ്ദാക്കിയ വിമാന സർവീസുകളുടെ ടിക്കറ്റ് തുക തിരിച്ചു നൽകാൻ നിർദ്ദേശം. ആഭ്യന്തര വിമാന സർവീസുകളിലെ ടിക്കറ്റു തുകയാണ് തിരിച്ചു നൽകുക. ഇത് സംബന്ധിച്ച് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി രാജ്യത്തെ ആഭ്യന്തര വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി.
ടിക്കറ്റ് റദ്ദാക്കേണ്ടി വന്നവർക്ക് വ്യവസ്ഥകൾ പ്രകാരം തുക മടക്കി നൽകാനാണ് തീരുമാനം. ടിക്കറ്റ് തുകക്ക് പകരം കൂപ്പണുകളോ ടിക്കറ്റോ ലഭിച്ചവർ പണം ആവശ്യപ്പെട്ടാൽ തിരികെ നൽകണമെന്നും ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. പഴയ ടിക്കറ്റുകളുടെ പുനരുപയോഗ സമയത്ത് അധിക ചാർജ് ഈടാക്കാൻ പാടില്ല. എന്നാൽ യാത്രികന്റെ സമ്മതത്തോടെ യാത്ര പുനക്രമീകരിക്കുകയാണെങ്കിൽ നിശ്ചിത റൂട്ടിന്റെ അധിക ചാർജ് ഈടാക്കാമെന്നും അതോറിറ്റി അറിയിച്ചു.