സൗദി ആരാംകോ നിക്ഷേപകരുമായി അഞ്ച് ധാരണാപത്രങ്ങൾ ഒപ്പുവച്ചു
ഇത്തവണത്തെ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിന്റെ സമ്മേളന പ്രമേയങ്ങളിലൊന്ന് ശുദ്ധമായ ഊർജം എന്നതാണ്. ഈ മേഖലയിലാണ് സൗദി ആരാംകോയുടെ പുതിയ കരാറുകൾ
സൗദി ആരാംകോ ദേശീയ അന്തർദേശീയ നിക്ഷേപകരുമായി അഞ്ച് ധാരണാപത്രങ്ങൾ ഒപ്പുവച്ചു. ഗ്രീൻ ഹൈഡ്രജൻ നിർമാണം ഉൾപ്പെടെയുള്ള മേഖലയിലാണ് കരാറുകൾ. റിയാദിലെ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിൽ വെച്ച് കരാറുകൾ കൈമാറി.
ഇത്തവണത്തെ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിന്റെ സമ്മേളന പ്രമേയങ്ങളിലൊന്ന് ശുദ്ധമായ ഊർജം എന്നതാണ്. ഈ മേഖലയിലാണ് സൗദി ആരാംകോയുടെ പുതിയ കരാറുകൾ. ഗ്രീൻ ഹൈഡ്രജൻ നിർമാണം, ഹരിത ഊർജ്ജ സേവനങ്ങൾ, നൂതന ലോഹേതര നിർമാണ സാമഗ്രികളുടെ നിർമാണം എന്നിവക്കായാണ് കരാറുകൾ. വ്യാവസായിക മേഖലകളിലെ ഡിജിറ്റൽ സാങ്കേതികവിദ്യ വിപുലമാക്കുന്നതിനും ധാരണാപത്രം ഒപ്പുവെച്ചു. ഗ്രീൻ സൗദി, ഗ്രീൻ മിഡിൽ ഈസ്റ്റ് എന്നിങ്ങനെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച പദ്ധതിയിലെ സുപ്രധാന കാര്യംകൂടിയാണ് ആരാംകോ നടപ്പാക്കാനൊരുങ്ങുന്നത്. 30 വർഷത്തിനുള്ളിൽ പൂജ്യം ന്യൂട്രാലിറ്റിയിലെത്താനുള്ള യാത്രയിൽ ഞങ്ങൾ ആവേശത്തിലാണെന്ന് സൗദി ആരാംകോ പ്രസിഡൻറും എൻജിനിയർ അമീൻ ഹസൻ അൽ നാസർ പറഞ്ഞു.