സൗദിയിലേക്ക് ഫാമിലി സന്ദർശക വിസയിൽ ഇനി കൂടുതൽ പേരെ കൊണ്ടുപോകാം
നിയമം മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ഏറെ പ്രയോജനപ്പെടും.
സൗദിയിൽ ഫാമിലി സന്ദർശക വിസയിൽ കൂടുതൽ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് വഴിയൊരുങ്ങുന്നു. അടുത്ത ബന്ധുക്കൾക്ക് പുറമേ സഹോദരി സഹോദരൻമാർക്കും അവരുടെ കുടുംബങ്ങൾക്കുമുൾപ്പെടെ സന്ദർശക വിസയനുവദിക്കും.
ഫാമിലി സന്ദർശക വിസയിൽ കൂടുതൽ കുടുംബാംഗങ്ങളെ സൗദിയിലേക്ക് കൊണ്ടുവരുന്നതിനാണ് അവസരമൊരുങ്ങിയത്. നിലവിൽ ഭർത്താവ്, ഭാര്യ, മക്കൾ, മാതാവ് പിതാവ്, ഭാര്യ മാതാവ് പിതാവ് എന്നിവർക്കാണ് സന്ദർശക വിസയനുവദിച്ചിരുന്നത്. ഇത് കൂടുതൽ പേർക്ക് അനുവദിക്കാനാണ് തീരുമാനം. താമസ വിസയിലുള്ളവരുടെ സഹോദരൻ സഹോദരി ഇവരുടെ കുടുംബം ഭാര്യ ഭർത്താവ് വഴിക്കുളള സഹോദരൻ സഹോദരി, പിതാമഹൻ, മുത്തശി എന്നിവർക്കും ഇനി മുതൽ സന്ദർശക വിസകൾ അനുവദിക്കും.
വിസ ലഭിക്കുന്നതിന് മൂന്ന് മാസത്തിൽ കുറയാത്ത ഇഖാമ കാലാവധിയുണ്ടായിരിക്കണം. നഫാത്ത് ആപ്ലിക്കേഷൻ വഴിയാണ് വിസക്കുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടത്. നിയമം മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ഏറെ പ്രയോജനപ്പെടും.