സൗദി- കാനഡ വാണിജ്യബന്ധം പുനഃസ്ഥാപിക്കുന്നു; ധാരണാപത്രത്തിൽ ഒപ്പുവച്ചു
വ്യാപാര കൗൺസിൽ കൂടി സ്ഥാപിച്ചതോടെ വലിയ നിക്ഷേപ സാധ്യതയുടെ വാതിലുകളാണ് ഇരു രാജ്യങ്ങൾക്കിടയിലും തുറന്നിടുക.
റിയാദ്: സൗദി അറേബ്യയും കാനഡയും വാണിജ്യബന്ധം പുനഃസ്ഥാപിക്കുന്നു. നീണ്ട അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര, നിക്ഷേപ കൈമാറ്റത്തിന്ന് തുടക്കം കുറിക്കുന്നത്. നയതന്ത്രബന്ധം വഷളായിരുന്ന ഇരു രാജ്യങ്ങളും ബന്ധം പുനഃസ്ഥാപിച്ച ശേഷമാണ് പുതിയ നീക്കം നടത്തുന്നത്.
സൗദി- കനേഡിയൻ ബിസിനസ് കൗൺസിൽ സ്ഥാപിക്കാനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചതായി ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സ് പ്രസിഡന്റ് ഹസൻ അൽ ഹുവൈസിയാണ് വ്യക്തമാക്കിയത്. സൗദിയിലെ കനേഡിയൻ അംബാസഡർ ജീൻ ഫിലിപ്പ് ലെന്റോയുമായും കനേഡിയൻ- സൗദി ബിസിനസ് കൗൺസിൽ ചെയർമാൻ ജെഫ്രി സ്റ്റെയ്നറുമായും അൽ ഹുവൈസി വ്യാഴാഴ്ച റിയാദിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
തുടർന്നാണ് വാണിജ്യ ബന്ധം പുനഃസ്ഥാപിക്കാനുള്ള സുപ്രധാന തീരുമാനം ഇരു രാജ്യങ്ങളും കൈക്കൊണ്ടത്. ഇതോടെ സൗദി അറേബ്യയിലെയും കാനഡയിലെയും ബിസിനസ് മേഖലകൾ തമ്മിലുള്ള സാമ്പത്തിക സഹകരണം പുനരാരംഭിക്കും. ബിസിനസ് കൗൺസിൽ സ്ഥാപിച്ചതോടെ ഇരു രാജ്യങ്ങളിലെയും വ്യവസായികൾക്ക് വാണിജ്യ പങ്കാളിത്തം സ്ഥാപിക്കുന്നതിന് ഏറെ എളുപ്പമാകും.
കൂടാതെ സാമ്പത്തിക സഹകരണത്തിന്റെ പുതിയ മേഖലകൾ തുറക്കാനും ഇരു രാജ്യങ്ങളിലും എക്സിബിഷനുകളും കോൺഫറൻസുകളും സംഘടിപ്പിക്കാനും ഇതിലൂടെ സാധിക്കും. 16 ബില്യൺ റിയാലിന്റെ വ്യാപാരമാണ് നിലവിൽ ഇരു രാജ്യങ്ങൾക്കിടയിൽ നടക്കുന്നത്. വ്യാപാര കൗൺസിൽ കൂടി സ്ഥാപിച്ചതോടെ വലിയ നിക്ഷേപ സാധ്യതയുടെ വാതിലുകളാണ് ഇരു രാജ്യങ്ങൾക്കിടയിലും തുറന്നിടുക.