ഇനി ഓരോ 20 മിനിറ്റിലും അപ്പോയ്‌മെൻറ്; റൗദാ സന്ദർശന നടപടികൾ എളുപ്പമാക്കി

365 ദിവസത്തിൽ ഒരുതവണ നിബന്ധനയിൽ ഇളവ്, ഈ വർഷം എത്തിയത് ഒരുകോടി വിശ്വാസികൾ

Update: 2025-01-08 16:16 GMT
Advertising

ജിദ്ദ: മദീനയിലെ റൗദാ ശരീഫിൽ സന്ദർശനത്തിനുള്ള വിലക്കുകൾ നീക്കി. ഓരോ 20 മിനിറ്റിലും അപ്പോയ്‌മെൻറ് എടുത്ത് ഇനി റൗദ സന്ദർശിക്കാം. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വർഷത്തിൽ ഒരുതവണ മാത്രമാണ് റൗദാ സന്ദർശിക്കാൻ ഒരാൾക്ക് പെർമിറ്റ് അനുവദിച്ചിരുന്നത്. ഈ നിയന്ത്രണത്തിലാണ് ഇളവ് വരുത്തിയത്. നുസുക് ആപ്പിൽ ഇതിനായി 'ഇമ്മീഡിയറ്റ് പാത്ത് 'എന്ന പ്രത്യേക ഓപ്ഷൻ നൽകിയിട്ടുണ്ട്. ഇതുവഴി കൂടുതൽ തവണ സന്ദർശനത്തിന് അവസരം ലഭിക്കുമെന്നതാണ് പ്രത്യേകത. പ്രവാചക പള്ളിയോടടുത്ത സ്ഥലങ്ങളിൽ എത്തിയതിനു ശേഷമാണ് ഈ ഓപ്ഷൻ വഴി പെർമിറ്റ് എടുക്കാൻ സാധിക്കുക. നുസുക് ആപ്പ് മാനേജ്‌മെന്റാണ് ഇക്കാര്യം വിശദീകരിച്ചത്.

പത്ത് മിനിറ്റാണ് ഓരോ ഗ്രൂപ്പുകൾക്കും റൗദായിൽ പ്രാർത്ഥനയ്ക്ക് അവസരമുള്ളത്. സന്ദർശനത്തിന് എത്തുന്നവർ അരമണിക്കൂർ മുന്നേ റൗദയ്ക്കരികിൽ എത്തണമെന്ന് നിർദേശവും ഉണ്ട്. പ്രവാചക പള്ളിയിൽ നമസ്‌കരിക്കുന്നതിനും പ്രവാചക ഖബറിടം സന്ദർശിക്കുന്നതിനും പെർമിറ്റ് ആവശ്യമില്ല.

പ്രവാചകൻ മദീനയിലെ മസ്ജിദിൽ പ്രഭാഷണം നടത്തിയ മിമ്പറിനും പ്രവാചകന്റെ ഖബറിനും ഇടക്കുള്ള സ്ഥലമാണ് റൗദാ ശരീഫ്. ഇവിടെ നമസ്‌കരിക്കുന്നതും പ്രാർഥിക്കുന്നതിനുമാണ് പെർമിറ്റ് ആവശ്യമുള്ളത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News