മക്ക റൂട്ട് ഇനിഷ്യേറ്റീവ്; തീര്‍ഥാടകരെ സഹായിക്കാനായി വനിതാ ഉദ്യോഗസ്ഥരെ വിദേശത്തേക്കയച്ച് സൗദി

Update: 2022-06-10 10:30 GMT
Advertising

ഈ വര്‍ഷം ഹജ്ജിനായി മക്ക റൂട്ട് ഇനിഷ്യേറ്റീവ് വഴി സൗദിയിലേക്ക് വരുന്ന തീര്‍ഥാടകരെ സഹായിക്കാനായി വനിതാ ഉദ്യോഗസ്ഥരെ വിദേശത്തേക്കയച്ച് അധികൃതര്‍.

ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ (കെ.ഐ.എ) വനിതാ പാസ്പോര്‍ട്ട് ഓഫീസര്‍മാരെയാണ് ആദ്യഘട്ടമെന്ന നിലയില്‍ ജക്കാര്‍ത്തയിലേക്കയച്ചത്. ഈ പദ്ധതി പ്രകാരം ജക്കാര്‍ത്ത എയര്‍പ്പോര്‍ട്ടില്‍ തീര്‍ഥാടകരെ സഹായിക്കുന്ന വനിതാ ഉദ്യോഗസ്ഥരുടെ വീഡിയോ സൗദി ആഭ്യന്തര മന്ത്രാലയം തന്നെയാണ് പുറത്തുവിട്ടത്.

മക്ക റൂട്ട് ഇനിഷ്യേറ്റീവിന്റെ ഭാഗമായി ഈ ഹജ്ജ് സീസണില്‍ ജക്കാര്‍ത്ത വിമാനത്താവളത്തിലെത്തുന്ന ഇന്തോനേഷ്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് സേവനം നല്‍കാനായി ജിദ്ദയിലെ കെ.ഐ.എയില്‍നിന്നാണ് തങ്ങളെ തിരഞ്ഞെടുത്തതെന്ന് ഡെപ്യൂട്ടി സര്‍ജന്റ് അമല്‍ അല്‍ ഗാംദി പറഞ്ഞു. തീര്‍ഥാടകരെ സേവിക്കുന്നത് ഒരു ബഹുമതിയായാണ് കാണുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കിങ്ഡം വിഷന്‍ 2030 ന് കീഴിലുള്ള 'പില്‍ഗ്രിം എക്‌സ്പീരിയന്‍സ് പ്രോഗ്രാമിന്റെ' സംരംഭങ്ങളിലൊന്നാണ് മക്ക റൂട്ട് ഇനിഷ്യേറ്റീവ്.

തീര്‍ഥാടകരുടെ യാത്രാ നടപടിക്രമങ്ങള്‍ അവര്‍ പുറപ്പെടുന്ന വിമാനത്താവളത്തില്‍ വച്ചുതന്നെ പൂര്‍ത്തിയാക്കുക, ഇലക്ട്രോണിക് വിസകള്‍ നല്‍കല്‍, ബയോമെട്രിക്സ് ശേഖരിക്കല്‍, തീര്‍ഥാടകര്‍ എല്ലാ ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, പുറപ്പെടുന്ന രാജ്യത്തെ പ്രവേശന നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി നല്‍കുക എന്നിവയാണ് മക്ക റൂട്ട് ഇനിഷ്യേറ്റീവിന്റെ ലക്ഷ്യങ്ങള്‍.

അതുപോലെ, തീര്‍ഥാടകരുടെ സൗദിയിലെ ഗതാഗത, താമസ ക്രമീകരണങ്ങള്‍ക്കനുസൃതമായി ലഗേജുകള്‍ ലേബല്‍ ചെയ്യുന്നതും ക്രമീകരിക്കുന്നതും പദ്ധതിയുടെ നടപടിക്രമങ്ങളില്‍പെടുന്നു. ഇതിലൂടെ തീര്‍ഥാടകരുടെ എയര്‍പോര്‍ട്ടിലെ കാത്തിരിപ്പ് സമയം കുറയ്ക്കാനും സാധിക്കും. ലോജിസ്റ്റിക് ഏജന്‍സികളാണ് ലഗേജുകള്‍ തീര്‍ഥാടകരുടെ താമസസ്ഥലങ്ങളിലെത്തിക്കുക.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News