കിഴക്കൻ സൗദിയിലും ഇനി സീ ടാക്‌സി സർവീസ്; മാരിടൈം ടൂറിസത്തിന് ഉണർവ്
നേരത്തെ ജിദ്ദയില്‍ നടപ്പിലാക്കിയ പദ്ധതിയുടെ തുടര്‍ച്ചയായാണ് കിഴക്കന്‍ പ്രവിശ്യയിലും സേവനം ഒരുക്കുക
റിയാദ്:സൗദിയുടെ കിഴക്കൻ പ്രവിശ്യയിലും സീ ടാക്‌സി സർവീസുകൾ ആരംഭിക്കുന്നു. മാരിടൈം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പാക്കുന്നത് എന്ന് സൗദി ഗതാഗത മന്ത്രാലയം അറിയിച്ചു. ഇതിനായുള്ള നിക്ഷേപകരെ കണ്ടെത്തിയതായും അവർക്കുള്ള കരാർ ഉടൻ തന്നെ കൈമാറുമെന്നും മാരിടൈം ട്രാൻസ്‌പോർട്ട് അതോറിറ്റി വ്യക്തമാക്കി.
നേരത്തെ പടിഞ്ഞാറൻ തീരമായ ജിദ്ദയിൽ വിജയകരമായി നടപ്പാക്കിയ സീ ടാക്‌സി സർവീസിന്റെ ചുവടുപിടിച്ചാണ് കിഴക്കൻ പ്രവിശ്യയിലും ഇത് ആരംഭിക്കുന്നത്. വിഷൻ 2030 പദ്ധതിയുടെ പൂർത്തീകരണം, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവൽക്കരണം, സുസ്ഥിര ടൂറിസം പ്രോത്സാഹിപ്പിക്കുക എന്നിവയെല്ലാം ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
പുതിയ സേവനം കിഴക്കൻ പ്രവിശ്യയുടെ തീരദേശ മേഖലകളിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും വിവിധ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയും ചെയ്യും. വിശാലമായ അറേബ്യൻ ഗൾഫ് തീരം ഉപയോഗപ്പെടുത്തി കൂടുതൽ മനോഹരവും കാര്യക്ഷമവുമായ യാത്രാനുഭവം നൽകാനാണ് ലക്ഷ്യമിടുന്നത്.