വിദ്യാഭ്യാസ മേഖലയിൽ സൗദിയുടെ മുന്നേറ്റം: 115 രാജ്യങ്ങളിലെ വിദ്യാർഥികൾ രാജ്യത്തെത്തും

അറുപതിനായിരത്തിലധികം വിദ്യാർഥികൾ സൗദി വിദ്യാഭ്യാസ വിസക്ക് അപേക്ഷ നൽകി

Update: 2024-06-27 19:06 GMT
Advertising

ജിദ്ദ: വിദ്യാഭ്യാസ രംഗത്ത് ആഗോള ശ്രദ്ധയാകർഷിക്കുകയാണ് സൗദി അറേബ്യ. 115 രാജ്യങ്ങളിൽ നിന്നായി അറുപതിനായിരത്തിലധികം വിദ്യാർഥികൾ സൗദി വിദ്യാഭ്യാസ വിസക്ക് അപേക്ഷ നൽകി. സ്റ്റഡി ഇൻ സൌദി എന്ന പദ്ധതിയാണ് വലിയ വിജയമായത്.

വിശിഷ്ട പ്രതിഭകളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനും, വിദ്യാഭ്യാസ പ്രക്രിയയുടെയും ഗവേഷണത്തിന്റെയും ഗുണനിലവാരം ഉയർത്തുന്നതിനും വേണ്ടിയാണ് സ്റ്റഡി ഇൻ സൗദി എന്ന വിദ്യാഭ്യാസ പ്ലാറ്റ് ഫോമിന് സൗദി അറേബ്യ തുടക്കം കുറിച്ചത്. ഇത് വരെ 115 രാജ്യങ്ങളിൽ നിന്നായി 60,000 ത്തിലധികം വിദ്യാർഥികൾ ഉപരിപഠനത്തിനായി സൗദിയിലേക്ക് വരാൻ താൽപര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. സ്റ്റഡി ഇൻ സൗദി പ്ലാറ്റ് ഫോം വഴി വിദ്യാഭ്യാസ വിസക്ക് അപേക്ഷ നൽകിയ ഈ വിദ്യാർഥികൾക്ക് ഉപരിപഠനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതോടൊപ്പം നിരവധി ആനുകൂല്യങ്ങളും അനുവദിക്കും.

വിദ്യാർഥികൾ, ഗവേഷകർ, ട്രെയിനികൾ എന്നിവർക്ക് ദീർഘകാല - ഹ്രസ്വകാല വിസകളിൽ ബിരുദം നേടാൻ അനുവദിക്കുന്ന 50 ഓളം സർവകലാശാലകൾ സൗദിയിലുണ്ട്. ഒരു ലക്ഷത്തിലധികം അന്താരാഷ്ട്ര ബിരുദധാരികളെ സൗദി സർവകലാശാലകൾ ഇത് വരെ ലോകത്തിന് സമ്മാനിച്ചു. അതിൽ 170 ലധികം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളും വിദ്യാഭ്യാസ വിദഗ്ധരും ഉൾപ്പെടും. 80 ശതമാനം പേരും ബാച്ചിലേഴ്‌സ ഡിഗ്രിയാണ് സൗദിയിൽ നിന്ന് പൂർത്തിയാക്കിയത്. 12 ശതമാനം പേർ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി. കൂടാതെ എട്ട് ശതമാനം പേർ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. മലയാളി വിദ്യാർഥികളും സൗദിയിലെ ഉന്നത വിദ്യാഭ്യാസ മേഖലകളിൽ പഠനം നടത്തിവരുന്നു. വരും വർഷങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കൂടുതൽ വിദ്യാർഥികൾ സൗദിയിലേക്കൊഴുകുമെന്നാണ് പ്രതീക്ഷ.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News