കലാലയങ്ങളിൽ എസ്.എഫ്.ഐ പ്രചരിപ്പിക്കുന്ന ആശയങ്ങൾ വിദ്യാർത്ഥികൾ കൈവെടിയുന്നു- പി.കെ നവാസ്

വിദ്യാർത്ഥികളെ അധാർമ്മിക പരിസരത്തേക്ക് കൊണ്ടുപോകുവാൻ ബോധപൂർവ്വ ശ്രമമാണ് എസ്.എഫ്.ഐ നടത്തിയതെന്ന് പി.കെ നവാസ് അഭിപ്രായപ്പെട്ടു

Update: 2024-07-24 16:20 GMT
Advertising

റിയാദ്: കേരളത്തിലെ കലാലയങ്ങളിൽ എസ്.എഫ്.ഐ പ്രചരിപ്പിക്കുന്ന ലിബറൽ ആശയങ്ങൾ വിദ്യാർത്ഥികൾ കൈവെടിഞ്ഞുവെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് അഭിപ്രായപ്പെട്ടു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി 'സ്റ്റെപ് - 24' ക്യാമ്പയിനിന്റെ ഭാഗമായി ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി.കെ മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികളെ അധാർമ്മിക പരിസരത്തേക്ക് കൊണ്ടുപോകുവാൻ ബോധപൂർവ്വ ശ്രമമാണ് എസ്.എഫ്.ഐ നടത്തിയത്. മതനിരാസ ആശയങ്ങൾ വിദ്യാർത്ഥികളിൽ കുത്തിവെക്കുവാനും കുടുംബ വ്യവസ്ഥയെ വെല്ലുവിളിക്കുവാനും പ്രേരിപ്പിക്കുന്ന സമീപനം എസ്.എഫ്.ഐ സ്വീകരിച്ചു. എന്നാൽ വിദ്യാർത്ഥി സമൂഹം എസ്.എഫ്.ഐയുടെ തിന്മയുടെ രാഷ്ട്രീയത്തെ അവഗണിക്കുകയായിരുന്നു. വിദ്യാർത്ഥികൾക്ക് സ്വത്വബോധം പകരുവാൻ എം.എസ്.എഫ് നടത്തുന്ന പോരാട്ടങ്ങൾ ക്യാമ്പസുകളിൽ ശക്തമാണ്. മക്കളുടെ നൈതിക ജീവിതത്തിന് രക്ഷിതാക്കളുടെ ജാഗ്രതയും നിരന്തര ശ്രദ്ധയും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവലോക ക്രമത്തിൽ ഉണ്ടാകുന്ന എല്ലാ മാറ്റങ്ങളും പഠനവിധേയമാക്കുവാൻ വിദ്യാർത്ഥികൾക്ക് കഴിയണം. വിശുദ്ധ ഖുർആൻ നൽകുന്ന സന്ദേശങ്ങൾ മനസ്സിലാക്കി പുതിയ കാലത്തെ അഭിസംബോധനം ചെയ്യാൻ കഴിയുന്ന വിദ്യാർത്ഥി സമൂഹം ഉയർന്നുവന്നാൽ കലാലയ മുറ്റങ്ങൾ സർഗാത്മക ഇടങ്ങളായി മാറുമെന്നും നവാസ് പറഞ്ഞു. സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ, റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ചെയർമാൻ യു പി മുസ്തഫ, നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗങ്ങളായ മുജീബ് ഉപ്പട, മുഹമ്മദ് വേങ്ങര, ജലീൽ തിരൂർ, മൊയ്തീൻ കുട്ടി തെന്നല, മൊയ്തീൻ കുട്ടി കോട്ടക്കൽ, എന്നിവർ പ്രസംഗിച്ചു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത് കമ്മിറ്റിയുടെ പ്രവർത്തന പരിപാടികൾ വിശദീകരിച്ചു.

പുതുതായി കെ.എം.സി.സി മെമ്പർഷിപ്പ് സ്വീകരിച്ച് അംഗത്വമെടുത്ത ഡേവിഡ് ചാലക്കുടിയെ, സെൻട്രൽ കമ്മിറ്റി സെക്രട്ടറി കബീർ വൈലത്തൂർ ആദരിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുറഹ്‌മാൻ ഫറൂഖ്, അസീസ് വെങ്കിട്ട, മാമുക്കോയ തറമ്മൽ, അഷ്റഫ് കല്പകഞ്ചേരി, പി.സി അലി വയനാട്, റഫീഖ് മഞ്ചേരി, ഷംസു പെരുമ്പട്ട, ഷമീർ പറമ്പത്ത്, സിറാജ് മേടപ്പിൽ, നജീബ് നല്ലാംങ്കണ്ടി, പി.സി മജീദ് എന്നിവർ ലീഡേഴ്‌സ് മീറ്റിന് നേതൃത്വം നൽകി. വിവിധ ജില്ലാ, ഏരിയ, നിയോജകമണ്ഡലം, കമ്മിറ്റികളുടെ ഭാരവാഹികളാണ് സംഗമത്തിൽ പങ്കെടുത്തത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News