മദീനയിലെ അൽഉല ഈന്തപ്പഴ മേളക്ക് അടുത്ത മാസം തുടക്കമാകും
രണ്ട് ഘട്ടങ്ങളായി സംഘടിപ്പിക്കുന്ന മേള സെപ്തംബർ എട്ട് മുതൽ നവംബർ പതിനൊന്ന് വരെ നീണ്ട് നിൽക്കും
ദമ്മാം: മദീനയിലെ അൽഉല ഈന്തപ്പഴ മേളക്ക് അടുത്ത മാസം തുടക്കമാകും. രണ്ട് ഘട്ടങ്ങളായി സംഘടിപ്പിക്കുന്ന മേള സെപ്തംബർ എട്ട് മുതൽ നവംബർ പതിനൊന്ന് വരെ നീണ്ട് നിൽക്കും. സൗദിയിലെ ഏറ്റവും പുരാതനമായ ഈന്തപ്പഴ ഇനങ്ങളും തോട്ടങ്ങളും സ്ഥിതിചെയ്യുന്ന പ്രദേശമാണ് അൽഉല.
കൂടുതൽ സന്ദർശകരെയും വിപണിയും ലക്ഷ്യമിട്ടാണ് ഈന്തപ്പഴ മേള സംഘടിപ്പിക്കുന്നത്. മദീനയിലെ പുരാതനമായ ഈന്തപ്പഴ തോട്ടങ്ങളിൽ ഉൽപാദിപ്പിക്കുന്ന വിത്യസ്ത ഇനം പഴങ്ങളുടെ വലിയ ശേഖരവുമായിട്ടാണ് മേളയെത്തുന്നത്. മേളയുടെ നാലാം പതിപ്പ് സെപ്തംബർ എട്ട് മുതൽ നവംബർ പതിനൊന്ന് വരെയുള്ള തിയ്യതികളിലായി സംഘടിപ്പിക്കുമെന്ന് അൽഉല ഗവർണറേറ്റിന് കീഴിലുള്ള റോയൽ കമ്മീഷൻ അറിയിച്ചു.
രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ മേളയൊരുക്കുന്നത്. ആദ്യ ഘട്ടം സെപ്തംബർ എട്ട് മുതൽ ഒക്ടോബർ 28 വരെ അൽഅസീസിയ്യ ന്യൂ ഓക്ഷൻ സെന്ററിലും രണ്ടാം ഘട്ടം ഒക്ടോബാർ പതിമൂന്ന് മുതൽ നവംബർ 11 വരെ മൻഷേയ മാർക്കറ്റിൽ വെച്ചും നടക്കും. കർഷകരെയും അവരുടെ കുടുംബങ്ങളെയും പ്രാദേശിക കലാകാരൻമാരെയും കലാരൂപങ്ങളെയും മേളയിൽ നേരിട്ട് പരിചയപ്പെടാൻ അവസരമുണ്ടാകും.
ഒപ്പം പ്രാദേശിക രുചി വൈവിധ്യങ്ങൾ ആസ്വദിക്കുവാനും വിത്യസ്ത തരം ഈന്തപ്പഴങ്ങളും അനുബന്ധ ഉൽപന്നങ്ങളും സ്വന്തമാക്കുന്നതിനും മേളയിൽ സൗകര്യമൊരുക്കും. കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ നേരിട്ട് പ്രദർശിപ്പിക്കുന്നതിനും വിൽപ്പന നടത്തുന്നതിനും അവസരമുള്ളോതടൊപ്പം കാർഷിക രംഗത്തുള്ള മാറ്റങ്ങളും സാങ്കേതിക വിദ്യകളും പരിചയപ്പെടാനും സാധിക്കും. ഒപ്പം നിക്ഷേപകരുമായി കൂടികാഴ്ചകൾ നടത്തുന്നതിനും മേളയിൽ സൗകര്യമേർപ്പെടുത്തുമെന്ന് സംഘാടകർ അറിയിച്ചു.