മെസി സൗദിയിലേക്കെന്ന ചർച്ച സജീവം; പിതാവ് റിയാദിൽ ചർച്ചയ്ക്കെത്തിയതായി റിപ്പോർട്ട്
ലോകഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കുള്ള കരാറാണ് ചർച്ചയിലുള്ളത്.
റിയാദ്: അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസിയുടെ പിതാവും ഏജന്റുമായ ജോർജ് സൗദിയിലെത്തിയതായി റിപ്പോർട്ടുകൾ. രാജ്യത്തെ പ്രമുഖ ക്ലബ്ലായ അൽ ഹിലാലുമായുള്ള കരാർ സംബന്ധിച്ച ചർച്ചകൾക്കായാണ് അദ്ദേഹം എത്തിയതെന്നാണ് വിവരം. ലോകഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കുള്ള കരാറാണ് ചർച്ചയിലുള്ളത്.
അൽ നസ്ർ ക്ലബ്ബ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതിന് പിന്നാലെയാണ് മെസിയുടെ സൗദി വരവ് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നത്. നേരത്തെ തന്നെ അൽ ഹിലാൽ ക്ലബ്ബ് മെസിയുടെ പിതാവുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട് പുറത്തു വന്നിരുന്നു. അൽ ഹിലാൽ ക്ലബ്ബ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
മെസിയുടെ കരാർ സംബന്ധിച്ച ചർച്ചകളുടെ ചുമതല അദ്ദേഹത്തിന്റെ ഏജന്റ് കൂടിയായ പിതാവിനാണ്. പിതാവായ ജോർജ് റിയാദിലുണ്ടെന്നാണ് അന്താരാഷ്ട്ര സ്പോർട്സ് മാധ്യമങ്ങളുടെ റിപ്പോർട്ട്. സൗദി മാധ്യമങ്ങളും ഇതുദ്ദരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തു. എന്നാൽ ക്ലബ്ബോ മെസിയുമായി ബന്ധമുള്ളവരോ ഒരു വിവരങ്ങളും പങ്കുവച്ചിട്ടില്ല. കരാറെല്ലാം പൂർത്തിയായി സൗദിയിലേക്ക് യാത്ര പുറപ്പെടുന്നതിന്റെ തലേന്നാണ് ക്രിസ്റ്റ്യാനോയുടെ വരവ് പോലും സ്ഥിരീകരിച്ചത്.
സമ്മതം കിട്ടിയാൽ ലോക ഫുട്ബോൾ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ തുകയ്ക്കുളള കരാറാകും മെസിയുമായി ഉണ്ടാവുക. നിലവിൽ പി.എസ്.ജിയുടെ കരാറിലാണ് ലയണൽ മെസിയുള്ളത്. ഈ കരാർ കാലാവധി കഴിയുന്ന മുറയ്ക്കുള്ള പദ്ധതിയാണ് അൽ ഹിലാലിനുള്ളത്. സൗദിയിലെ ഫുട്ബോൾ ക്ലബ്ബുകൾ തമ്മിൽ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധമുള്ള വാശിയുണ്ട്.
അതുകൊണ്ടു തന്നെ ചോദിക്കുന്നതെന്തും മെസിക്ക് നൽകാൻ ഹിലാൽ ക്ലബ്ബ് തയ്യാറാകും. പ്രതിവർഷം 2800 കോടിയിലേറെ രൂപയ്ക്കുള്ള കരാറാണ് നിലവിൽ ചർച്ചയിലുള്ളത്. ഇതും കായിക മാധ്യമങ്ങളുടെ റിപ്പോർട്ടാണ്. ഇത്രയും വലിയ തുകയ്ക്ക് മെസി കരാർ ഉറപ്പിച്ചാൽ നിലവിലെ റോണാൾഡോയുടെ റെക്കോർഡ് പഴങ്കഥയാകും.
നിലവിൽ തന്നെ പി.എസ്.ജിയും ന്യൂകാസ്ലേയും മാഞ്ചസ്റ്ററുമടക്കമുള്ള മുൻനിര ക്ലബ്ബുകൾക്ക് പിറകിലുള്ളത് ഖത്തറും യു.എ.ഇയും സൗദിയുമാണ്. അതുകൊണ്ട് വാർത്ത തള്ളേണ്ടതില്ല എന്നതാണ് ഭൂരിഭാഗം സ്പോർട്സ് മാധ്യമങ്ങളും പറയുന്നത്.