കടുത്ത പ്രമേഹം കാരണം കാൽ മുറിക്കാൻ നിർദേശം: സൗദിയിൽ ദുരിതത്തിലായ മലയാളി പ്രവാസി ഒടുവിൽ നാടണഞ്ഞു
ഭാരിച്ച സാമ്പത്തിക ബാധ്യതയെ തുടർന്ന് നാട്ടിൽ പോകാൻ കഴിയാതെ ഖമീസിൽ കുടുങ്ങി കിടക്കുകയായിരുന്നു
റിയാദ്: സൗദിയിലെ ഖമീസിൽ കടുത്ത പ്രമേഹത്താൽ വലഞ്ഞ മലയാളി പ്രവാസി നാടണഞ്ഞു. തിരുവനന്തപുരം ജില്ലയിലെ കണിയാപുരം സ്വദേശി ഷമീർ വഹാബാണ് നാടണഞ്ഞത്. കടുത്ത പ്രമേഹം കാരണം ഇദ്ദേഹത്തിന്റെ കാലിലുണ്ടായ വ്രണത്തെ തുടർന്ന് കാൽ മുറിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇയാൾക്ക് നാട്ടിൽ പോകാൻ യാത്രാവിലക്കുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തോളമായി ഖമീസിൽ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നെങ്കിലും നിലവിൽ ജോലി നഷ്ടപ്പെട്ടിരിക്കുകയാണ്. മദീനയിലെ റെന്റ് എ കാർ കമ്പനിയുമായി ഉണ്ടായ സാമ്പത്തിക ഇടപാടിലാണ് ഇദ്ദേഹത്തിന് യാത്രാ വിലക്കേർപ്പെടുത്തുന്നത്. ജോലി നഷ്ട്ടപെട്ടതിനെ തുടർന്ന് സ്‌പോൺസർ ഹുറൂബ് ആക്കിയതും നാട്ടിലേക്കുള്ള യാത്രയ്ക്ക് തടസമായി. തുടർന്ന് ഖമിസിലെ അസീർ തിരുവനന്തപുരം കൂട്ടായ്മയുടെ ഇടപെടിലൂടെയാണ് നാട്ടിലേക്കുള്ള വഴിയൊരുങ്ങിയത്. കൂട്ടായ്മയുടെ നേതാക്കളായ അൻസാരി റഫീഖ്, നിയാസ്, സഫറുള്ള, സിയാദ് നേതൃത്വത്തിലാണ് അദ്ദേഹത്തിന് ആവിശ്യമായ സഹായങ്ങൾ ഒരുക്കിയത്.