കഅ്ബയുടെ പുതിയ കിസ്‌വ കൈമാറി; മുഹറം ഒന്നിന് അണിയിക്കും
കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുക്കാരായ അൽ ശൈബി കുടുംബത്തിനാണ് കിസ്വ കൈമാറിയത്
മക്ക: മക്കയിൽ വിശുദ്ധ കഅ്ബയെ പുതപ്പിക്കുവാനുള്ള പുതിയ കിസ്വ കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുക്കാരായ അൽ ശൈബി കുടുംബത്തിന് കൈമാറി. സൗദി ഭരണാധികാരി സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് മക്ക മേഖല ഡെപ്യൂട്ടി ഗവർണറാണ് കിസ്വ കൈമാറിയത്.
കഅ്ബയുടെ താക്കേൽ സൂക്ഷിപ്പ് ചുമതലയുള്ള അൽ ശൈബി കുടുംബത്തിലെ പ്രതിനിധി അബ്ദുൽമലിക് ബിൻ ത്വാഹാ അൽശൈബി ഔപചാരികമായി പുതിയ കിസ്വ സ്വീകരിച്ചു. മക്കയിൽ വെച്ച് നടന്ന ചടങ്ങിൽ ഹജ്, ഉംറ മന്ത്രിയും ഹറംകാര്യ വകുപ്പ് ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോ. തൗഫീഖ് അൽ റബീഅയും അബ്ദുൽമലിക് ബിൻ ത്വാഹാ അൽശൈബിയും അനുബന്ധ രേഖകളിൽ ഒപ്പുവെച്ചു. പുതുവർഷത്തിൽ മുഹറം ഒന്നിന് പുതിയ കിസ്‌വ കഅ്ബയെ അണിയിക്കും. മുൻ വർഷങ്ങളിൽ ഹാജിമാർ അറഫയിൽ സമ്മേളിക്കുന്ന ദുൽഹജ്ജ് ഒമ്പതിനായിരുന്നു കഅബയെ പുതു വസ്ത്രം അണിയിച്ചിരുന്നത്. സൌദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശ പ്രകാരം 2022 മുതലാണ് ഇത് മുഹറം ഒന്നിലേക്ക് മാറ്റിയത്. ഹറംകാര്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കിംഗ് അബ്ദുൽ അസീസ് കിസ്വ കോംപ്ലക്സിലാണ് ഇതിന്റെ നിർമ്മാണം. 670 കിലോ പട്ടുനൂലും 120 കിലോ സ്വർണ നൂലുകളും 100 കിലോ വെള്ളി നൂലുകളും ഉപയോഗിച്ചാണ് കിസ്വ നിർമിക്കുന്നത്.