മക്കയിൽ വിശുദ്ധ കഅബ കഴുകൽ ചടങ്ങ് പൂർത്തിയായി
മക്ക ഡെപ്യൂട്ടി ഗവർണർ ചടങ്ങിന് നേതൃത്വം നൽകി
മക്ക: മക്കയിൽ വിശുദ്ധ കഅബ കഴുകൽ ചടങ്ങ് പൂർത്തിയായി. മക്ക ഡെപ്യൂട്ടി ഗവർണറുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. ഹജ്ജ് ഉംറ മന്ത്രിയും പണ്ഡിതസഭാംങ്ങളും കഅബയുടെ പരിചാരകരും ചടങ്ങിൽ പങ്കെടുത്തു. സൗദി ഭരണാധികാരി സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് മക്ക ഡെപ്യൂട്ടി ഗവർണർ, പ്രിൻസ് സൗദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീന്റെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ വർഷത്തെ കഅബ കഴുകൽ. ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ, മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽ ഈസ, ഇരുഹറം കാര്യ മേധാവി ഡോ. അബ്ദുൽ റഹ്‌മാൻ അൽ സുദൈസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇത്.
സംസം വെള്ള ഉപയോഗിച്ച് കഅബയുടെ ചുമരും നിലവും ചടങ്ങിൽ വൃത്തിയാക്കി. അതിനുശേഷം ത്വാഇഫിലെ പനിനീർ ഓയിലും ഊദും കസ്തൂരിയും ഉപയോഗിച്ച് തുടച്ചു. ലോകത്തിലെ ഏറ്റവും മികച്ച ഊദ് ഉപയോഗിച്ച് കഅബക്കകം സുഗന്ധം പുകയ്ക്കുന്നതോടെയാണ് ചടങ്ങ് പൂർത്തിയാക്കുന്നത്.
ഹിജ്റ എട്ടാം വർഷത്തിൽ മക്ക വിജയത്തോടെ പ്രവാചകൻ മുഹമ്മദ് നബിയാണ് കഅബ കഴുകൽ ആരംഭിച്ചത്. നേരത്തെ രണ്ട് തവണയായിരുന്നു കഅബ കഴുകൽ ചടങ്ങ്. എന്നാൽ കോവിഡിന് ശേഷം കഅബ കഴുകൽ ചടങ്ങ് മുഹറ മാസത്തിൽ മാത്രമാക്കി നടത്താൻ ഇരുഹറം കാര്യാലയം തീരുമാനിക്കുകയായിരുന്നു. കഅബയുടെ പരിചരണത്തിന്റെ ഭാഗമാണിത്.