സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരങ്ങളില്‍ മദീന ഒന്നാമത്, ദുബൈക്ക് മൂന്നാം സ്ഥാനം, പട്ടികയില്‍ ദല്‍ഹി അവസാനം
ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡല്‍ഹി സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാവുന്ന നഗരങ്ങളുടെ പട്ടികയില്‍ ഏറ്റവും പിന്നിലാണ് ഇടം പിടിച്ചത്
ഒറ്റക്ക് സഞ്ചരിക്കുന്ന സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരം മദീനയെന്ന് യു.കെ ആസ്ഥാനമായ ട്രാവൽ കമ്പനിയുടെ പഠനം. കുറ്റകൃത്യ നിരക്ക് കുറവായ ദുബൈ ആണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. ഈ പട്ടികയിൽ അവസാനമാണ് ഡൽഹിയും ക്വാലാലംപൂരുമുള്ളത്. യു.കെ ആസ്ഥാനമായുള്ള ട്രാവല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ഇൻഷൂർ മൈ ട്രിപ് ആണ് പഠനം നടത്തിയത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരിൽ 84 ശതമാനവും സ്ത്രീകളാണ്. ഇതിനാലാണ് അവർക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ പറ്റുന്ന ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്താൻ പഠനം നടത്തിയത്. പഠനത്തിന്‍റെ അടിസ്ഥാനത്തിൽ പ്രവാചക നഗരമായ മദീനയാണ് ഒന്നാം സ്ഥാനത്ത്. കുറ്റകൃത്യങ്ങളിലെ കുറവ്, രാത്രിയിലും ഒറ്റക്ക് സഞ്ചരിക്കുന്ന സ്ത്രീകൾക്കുള്ള സുരക്ഷ എന്നിവയാണ് പഠനത്തിന് കണക്കിലെടുത്തത്.
10ല്‍ 10 പോയിന്‍റുകളും നേടിയാണ് ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന സ്ഥാനം മദീനക്ക് ലഭിച്ചത്. വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ 10 ൽ എത്ര ലഭിക്കുന്നു എന്ന് നോക്കിയാണ് സ്ഥാനം നിർണ്ണയിച്ചത്. തായ്‌ലൻഡിന്‍റെ ചിയാങ് മായ് ആണ് 9.06 സ്‌കോറുമായി രണ്ടാം സ്ഥാനത്തുള്ളത്. 9.04 സ്‌കോർ നേടി ദുബൈ മൂന്നാം സ്ഥാനവും നേടി. പൊതു ഗതാഗതത്തിൽ ഭൂരിഭാഗവും സ്ത്രീകൾക്ക് മാത്രമായി ക്രമീകരിച്ചിട്ടുണ്ടെന്നും, സ്ത്രീകൾക്ക് ഒറ്റക്ക് യാത്രചെയ്യാൻ സുരക്ഷിതമായ നഗരമാണ് ദുബൈയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അതേ സമയം ഏറ്റവും കുറവ് പോയിന്‍റുകള്‍ നേടിയ ജൊഹാനസ്ബര്‍ഗും ക്വാലാലംപൂരും ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡല്‍ഹിയും സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാവുന്ന നഗരങ്ങളുടെ പട്ടികയില്‍ ഏറ്റവും പിന്നിലാണ് ഇടം പിടിച്ചത്.