ഉംറക്കായി കേരളത്തിൽ നിന്നും കൂടുതൽ പേർ മക്കയിലെത്തിത്തുടങ്ങി
രണ്ട് വർഷത്തോളമായി ഇന്ത്യയിൽ നിന്നുള്ള ഉംറ തീർത്ഥാടകർക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയായിരുന്നു
ഉംറ കർമ്മം നിർവ്വഹിക്കുന്നതിനായി കേരളത്തിൽ നിന്നും കൂടുതൽ പേർ മക്കയിലെത്തി തുടങ്ങി.സ്ത്രീകളുൾപ്പെടെ 25 പേരാണ് കഴിഞ്ഞ ദിവസം സ്വകാര്യ ഗ്രുപ്പിന് കീഴിൽ പുണ്യഭൂമിയിലെത്തി ഉംറ നിർവ്വഹിച്ചത്.മക്ക കെ.എം.സി.സി പ്രവർത്തകർ തീർത്ഥാടകരെ മക്കയിൽ സ്വീകരിച്ചു.
കോവിഡ് വ്യാപനത്തെ തുടർന്ന് ഏകദേശം രണ്ട് വർഷത്തോളമായി ഇന്ത്യയിൽ നിന്നുള്ള ഉംറ തീർത്ഥാടകർക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയായിരുന്നു. കഴിഞ്ഞ മാസം മുതലാണ് ഇന്ത്യൻ തീർത്ഥാടകർക്ക് വീണ്ടും ഉംറ വിസകൾ അനുവദിച്ച് തുടങ്ങിയത്. അതിന് ശേഷം ഏതാനും പേർ ഇന്ത്യയിൽ നിന്നും ഉംറക്കെത്തിയിരുന്നുവെങ്കിലും, സ്വകാര്യ ഉംറ ഗ്രൂപ്പിന് കീഴിൽ കേരളത്തിൽ നിന്നും സ്ത്രീകളുൾപ്പെടെ ഉംറക്കെത്തുന്നത് ആദ്യമായിട്ടാണ്. ഇക്കഴിഞ്ഞ അഞ്ചാം തിയതി ഒമാൻ വഴി മദീനയിലാണ് ഈ മലയാളി ഉംറ സംഘം വിമാനമിറങ്ങിയത്. മദീന സന്ദർശനം പൂർത്തിയാക്കി കഴിഞ്ഞ ദിവസം മക്കിയിലെത്തിയ തീർത്ഥാടകരെ മക്ക കെ.എം.സി.സി സെൻട്രൽ കമ്മറ്റി നേതാക്കളുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ഇന്ത്യ-സൗദി എയർ ബബിൾ കരാർ പ്രാബല്യത്തിലായതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ പേർ ഇന്ത്യയിൽ നിന്ന് ഉംറക്കെത്തും. 12 വയസ്സിന് മുകളിലുള്ളവർക്കെല്ലാം ഉംറ വിസ അനുവദിക്കുന്നുണ്ട്. കോവിഷീൽഡ്, ഫൈസർ, മൊഡേണ എന്നീ കമ്പനികളുടെ രണ്ട് ഡോസ് വാക്‌സിനും, ജോൺസൺ ആന്റ് ജോൺസൺ കമ്പനിയുടെ ഒരു ഡോസും സ്വീകരിച്ച ശേഷം വരുന്ന തീർത്ഥാടകർക്ക് സൗദിയിലെത്തിയാൽ ക്വാറന്റൈൻ ആവശ്യമില്ല. എന്നാൽ കോവാക്‌സിൻ, സ്ഫുട്‌നിക്, സിനോഫാം, സിനോവാക് എന്നീ വാക്‌സിനുകളെടുത്ത ശേഷം ഉംറക്കെത്തുന്നവർക്ക് മൂന്ന് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിർബന്ധമാണ്.