ഹജ്ജ് സീസൺ അവസാനിച്ചതോടെ സൗദിയിലുള്ളവർക്ക് ഉംറ പെർമിറ്റുകൾ ലഭ്യമായി തുടങ്ങി

ഉംറ ചെയ്യാനും റൗദ ശരീഫിൽ പ്രവേശിക്കാനും നുസുക് ആപ്പ് വഴി പെർമിറ്റെടുക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു

Update: 2024-06-21 18:05 GMT
Advertising

ജിദ്ദ: സൗദിയിലുള്ളവർക്ക് വീണ്ടും ഉംറക്കും മദീനയിലെ റൗദാ ശരീഫിൽ പ്രാർത്ഥിക്കുവാനും പെർമിറ്റുകൾ ലഭ്യമായി തുടങ്ങി.ജൂൺ 22 മുതൽ സൗദിയിലുള്ള എല്ലാവർക്കും ഉംറക്കായി മക്കയിലേക്ക് വരാം. ഉംറ ചെയ്യാനും റൗദ ശരീഫിൽ പ്രവേശിക്കാനും നുസുക് ആപ്പ് വഴി പെർമിറ്റെടുക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജ് സീസൺ അവസാനിച്ചതോടെ വിദേശ രാജ്യങ്ങളിലുള്ളവർക്ക് ഉംറ വിസകൾ അനുവദിച്ച് തുടങ്ങിയതായും തീർഥാടകരെ സ്വീകരിക്കാൻ സജ്ജമായതായും കഴിഞ്ഞ ദിവസം മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന് പിറകെയാണ് ഇന്ന് മുതൽ സൗദിയിലുള്ളവർക്കും ഉംറ പെർമിറ്റുകൾ അനുവദിച്ച് തുടങ്ങിയത്.

ഹജ്ജിന്റെ ഭാഗമായി ദുൽ ഖഅദ് 15 മുതൽ ദുൽഹജ്ജ് 15 വരെ ഉംറ പെർമിറ്റുകൾ അനുവദിക്കുന്നത് നിറുത്തി വെച്ചിരുന്നു. ഈ സമയ പരിധി ഇന്നത്തോടെ അവസാനിക്കും. നാളെ ദുൽഹജ്ജ് 16 മുതൽ വീണ്ടും സൗദിയിലുള്ളവർക്ക് ഉംറ ചെയ്യാൻ മക്കയിലേക്ക് വരാം.ഉംറ പെർമിറ്റുകൾ നുസുക് ആപ്പ് വഴി ഇന്ന് മുതൽ തന്നെ ലഭ്യമായിതുടങ്ങിയിട്ടുണ്ട്. രണ്ട് മണിക്കൂർ വീതമുളള 12 ബാച്ചുകളായിട്ടാണ് ഉംറക്ക് പെർമിറ്റുകൾ അനുവദിക്കുന്നത്.

മദീനയിലെ റൗദാ ശരീഫിലേക്ക് പ്രവേശിക്കുന്നതിനും നുസുക് ആപ്പ് വഴി പെർമിറ്റുകൾ അനുവദിച്ച് തുടങ്ങിയിട്ടുണ്ട്. ജൂൺ 23 മുതലാണ് റൗദാ ശരീഫിലേക്കുള്ള പ്രവേശനം ആരംഭിക്കുക. അര മണിക്കൂർ വീതമാണ് റൗദാ ശരീഫിൽ പ്രാർത്ഥനക്ക് അനുവദിക്കുന്ന സമയം. വർഷത്തിൽ ഒരു തവണ മാത്രമേ റൗദാ ശരീഫിലേക്ക് പ്രവേശനം അനുവദിക്കൂ, സന്ദർശക വിസയിലുള്ളവർക്കും ഉംറ ചെയ്യാനും റൗദാ ശരീഫിൽ നമസ്‌കരിക്കാനും നുസുക് ആപ്പിലൂടെ പെർമിറ്റ് ലഭിക്കുന്നതാണെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News