യു.എ.ഇയിൽ 11 പുതിയ സർക്കാർ സ്‌കൂളുകൾ തുറന്നു
സായിദ് എജുക്കേഷനൽ കോംപ്ലക്‌സ് പദ്ധതിയുടെ കീഴിലാണ് പൊതുവിദ്യാഭ്യാസ രംഗം കൂടുതൽ മികവുറ്റതാക്കുന്നതിന് സ്‌കൂളുകൾ ആരംഭിച്ചത്
ദുബൈ: യു.എ.ഇയിൽ 11പുതിയ സർക്കാർ സ്‌കൂളുകൾ കൂടി തുറന്നു. കൂടുതൽ കുട്ടികൾക്ക് പഠനാവസരം ഒരുക്കുന്നതിൻറെ ഭാഗമായാണിത്. 28,000 കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യം ഇവിടെയുണ്ടാകും.യു.എ.ഇ വൈസ്പ്രസിഡൻറും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സയിദ് ആൽ നഹ്‌യാനാണ് പുതിയ സ്‌കൂളുകൾ പ്രഖ്യാപിച്ചത്.
സായിദ് എജുക്കേഷനൽ കോംപ്ലക്‌സ് പദ്ധതിയുടെ കീഴിലാണ് പൊതുവിദ്യാഭ്യാസ രംഗം കൂടുതൽ മികവുറ്റതാക്കുന്നതിന് സ്‌കൂളുകൾ ആരംഭിച്ചത്. ഫുജൈറയിൽ ആരംഭിച്ച പുതിയ സ്‌കൂളിൽ ശൈഖ് മൻസൂർ കഴിഞ്ഞ ദിവസം സന്ദർശിക്കുകയും ചെയ്തു. സ്‌കൂളുകളിൽ അത്യാധുനിക സൗകര്യമുള്ള ലബോറട്ടറികൾ, കായിക-കലാ പ്രവർത്തനങ്ങൾക്കുള്ള സംവിധാനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
ഓരോ സ്‌കൂളുകളിലും 86ക്ലാസ്മുറികളാണുള്ളത്. സ്‌കൂളുകൾ പൂർണമായും പരിസ്ഥിതി സൗഹൃദ രീതിയിലാണ്. യു.എ.ഇപ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹിയാന്റെ നിർദേശപ്രകാരമാണ്‌സായിദ് എജ്യുക്കേഷണൽ കോംപ്ലക്സ് സംരംഭം ആരംഭിച്ചത്. എമിറേറ്റ്സ് സ്‌കൂൾഎസ്റ്റാബ്ലിഷ്മെന്റാണ് ഇതിന് നേതൃത്വം നൽകുന്നത്.