അജ്‌മാനിൽ നിന്ന് അബൂദബിയിലേക്ക് പുതിയ ബസ് സർവീസ്
ദിവസം നാല് ബസ് സർവീസുണ്ടാകും
അജ്‌മാൻ: യു എ ഇയിലെ അജ്‌മാനില്‍ നിന്ന് അബൂദബിയിലേക്ക് നേരിട്ട് പുതിയ ബസ് സര്‍വീസ് ആരംഭിക്കുന്നു. ഇതിനായി അജ്‌മാൻ ട്രാൻസ്പോർട്ട് അതോറിറ്റിയും ക്യാപിറ്റൽ എക്സ്പ്രസും കരാർ ഒപ്പിട്ടു. അജ്‌മാൻ മുസല്ല സ്റ്റേഷനിൽ നിന്ന് അബൂദബിയിലേക്കും, തിരിച്ചും ദിവസം നാല് ബസ് സർവീസുണ്ടാകും.
അജ്‌മാനിൽ നിന്ന് 190 കിലോമീറ്ററിലേറെ അകലെയുള്ള അബൂദബി നഗരത്തിലേക്കുള്ള ബസ് സർവീസ് മെച്ചപ്പെടുത്താനാണ് അജ്‌മാൻ ട്രാൻസ്പോർട്ട് അതോറിറ്റിയും ക്യാപിറ്റൽ എക്സ്പ്രസും ധാരണയായത്. ഇതുപ്രകാരം ഫാസ്റ്റ് ബസ് ലൈൻ സർവീസുകളാണ് അജ്‌മാനും-അബൂദബിക്കുമിടയിൽ ആരംഭിക്കുക.
അജ്‌മാനിൽ നിന്ന് ആദ്യത്തെ ബസ് രാവിലെ ഏഴിന് മുസല്ല സ്റ്റേഷനിൽ നിന്ന് അബൂദബി ബസ് സ്റ്റേഷനിലേക്ക് പുറപ്പെടും. വൈകുന്നേരം ആറിനാണ് അവസാനത്തെ അബൂദബി ബസ്. അബൂദബിയിൽ നിന്ന് അജ്മാനിലേക്കുള്ള ബസ് രാവിലെ പത്തിന് പുറപ്പെടും. രാത്രി ഒമ്പതിനാണ് അബൂദബിയിൽ നിന്ന് അവസാനത്തെ അജ്‌മാൻ ബസ് യാത്ര തിരിക്കുക. ഒരു ദിശയിലേക്ക് 35 ദിർഹമാണ് ടിക്കറ്റ് നിരക്ക്. നിരീക്ഷണ ക്യാമറകള്‍ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളോടെയാണ് പുതിയ ബസുകളെന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് ആൻഡ് പെർമിറ്റ് ഏജൻസി എക്‌സിക്യൂട്ടീവ് ഡയറക്ടർ എഞ്ചിനീയർ സമി അൽ ജലാഫ് പറഞ്ഞു.