'സാമ്പത്തിക നിക്ഷേപ മേഖലകളിൽ സഹകരണം'; യു.എ.ഇ, ഇന്ത്യ, ഫ്രാൻസ് ധാരണ
സാമ്പത്തിക, നിക്ഷേപ മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കാനും മൂന്ന് രാജ്യങ്ങളും തീരുമാനിച്ചു.
ആഗോളതാപനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ യോജിച്ച പ്രതിരോധ നടപടികൾ സ്വീകരിക്കാൻ യു.എ.ഇ, ഇന്ത്യ, ഫ്രാൻസ് ധാരണ. ന്യൂയോർക്കിൽ യു.എൻ പൊതുസഭാ സമ്മേളനത്തിന്റെ ഭാഗമായി മൂന്ന് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനം. സാമ്പത്തിക, നിക്ഷേപ മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കാനും മൂന്ന് രാജ്യങ്ങളും തീരുമാനിച്ചു.
ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനെത്തിയ ഇന്ത്യ, യു.എ.ഇ, ഫ്രാൻസ് വിദേശകാര്യമന്ത്രിമാരാണ് ചർച്ച നടത്തിയത്. യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ്ആൽ നഹ്യാൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൽ കൊളോന എന്നിവർ നിലപാടുകൾ അവതരിപ്പിച്ചു. മൂന്ന് രാജ്യങ്ങളും തമ്മിൽ ഒരുമിച്ച് നീങ്ങാവുന്ന മേഖലകളിലെ സഹകരണത്തെ കുറിച്ച് ചർച്ച ചെയ്തു. യു.എൻ പൊതുസഭയുടെ സമ്മേളനത്തിന്റെ അനുബന്ധമായിമായി നടന്ന ചർച്ച ഏറെ ഫലപ്രദമായിരുന്നുവെന്ന് ഡോ. എസ് ജയശങ്കർ അറിയിച്ചു.
സാമ്പത്തിക മുന്നേറ്റം, സുസ്ഥിര വികസനം എന്നിവയിൽ ഊന്നിയായിരുന്നു മൂന്ന് രാജ്യങ്ങൾക്കിടയിലെ ചർച്ച. ആഗോള താപനത്തെ നേരിടാൻ യു.എൻ ആവിഷ്കരിച്ച പദ്ധതികളും നടപടികളും ഫലപ്രദമായി നടപ്പാക്കാൻ മൂന്നു രാജ്യങ്ങളും തീരുമാനിച്ചു. ഊർജം, ഭക്ഷ്യസുരക്ഷ ഉൾപ്പെടെയുള്ള മേഖലകളിൽ നേരിടുന്ന വെല്ലുവിളി ചെറുക്കാനുള്ള നടപടികളും ത്രികക്ഷി ചർച്ചയുടെ ഭാഗമായിരുന്നു. പൊതുവിഷയങ്ങളിൽ സമാന നിലപാടുകൾ പങ്കുവെക്കുന്ന രാജ്യങ്ങൾ എന്ന നിലക്ക് മൂന്ന് കൂട്ടർക്കും ജനങ്ങളുടെ മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാനുള്ള ലക്ഷ്യത്തിൽ ഏറെ നിർവഹിക്കാനുണ്ടെന്ന് ഡോ. എസ് ജയശങ്കറും ശൈഖ് അബ്ദുല്ലയും അഭിപ്രായപ്പെട്ടു. യു.എ.ഇ വ്യവസായ, സാങ്കേതിക വിദ്യ വകുപ്പ് മന്ത്രി ഡോ. സുൽത്താൻ ബിൻ അഹ്മദ് അൽ ജാബിർ, വിദേശകാര്യ സഹമന്ത്രി ലന സാകി നുസൈബ തുടങ്ങിയവർ പങ്കെടുത്തു.