ദുബൈയിലെ ഹൈവേ ഇടനാഴി പൂർത്തിയായി; പദ്ധതിയിൽ നാല് പാലങ്ങളും നിർമിച്ചു
ആറരലക്ഷത്തോളം നഗരവാസികൾക്ക് പ്രയോജനപ്പെടും
ദുബൈ നഗരത്തിലെ രണ്ട് പ്രധാന ഹൈവേകളെ ബന്ധിപ്പിക്കുന്ന, ശൈഖ് റാശിദ് ബിൻ സഈദ് ഇടനാഴി വികസന പദ്ധതിയുടെ അവസാനഘട്ടവും പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തതായി ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. രണ്ട് കിലോമീറ്റർ നീളമുള്ള രണ്ട് പാലങ്ങളും ഈ ഘട്ടത്തിൽ നിർമിച്ചിരുന്നു.
ദുബൈ-അൽഐൻ ഹൈവേയും, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനേയും എട്ട് കിലോമീറ്റർ നീളുമുള്ള റാസർഖോർ റോഡ് വഴി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ശൈഖ് റാശിദ് ബിൻ സഈദ് ഇടനാഴി വികസന പദ്ധതി. ഈ മേഖലയിൽ യാത്ര സുഗമമാക്കാനായി ഈ പദ്ധതിയിൽ നിർമിച്ച നാല് പാലങ്ങളും ഗതാഗതത്തിന് തുറന്നു കൊടുത്തു.
രണ്ട് കിലോമീറ്റർ വീതം നീളമുള്ള നാല് പാലങ്ങളാണ് നിർമിച്ചത്. രണ്ട് ഘട്ടങ്ങളായാണ് ഇടനാഴി വികസന പദ്ധതി നടപ്പാക്കിയത്. ആദ്യഘട്ടത്തിൽ റാസർഖൂർ റോഡ് വീതി കൂട്ടി ഇരു ദിശയിലേക്കും മൂന്ന് ലൈനിൽ നിന്ന് നാല് ലൈനുകളാക്കി വികസിപ്പിച്ചു. രണ്ട് വശങ്ങളിലും രണ്ട് ലൈനുകളുള്ള സർവീസ് റോഡും നിർമാണം പൂർത്തിയാക്കി.
രണ്ടാംഘട്ടത്തിൽ നാദൽ ഹമർ റോഡിലും, റാസൽഖോർ റോഡിലും രണ്ട് ലൈനുകളുള്ള പാലം നിർമിച്ചു. ഇതിലൂടെ സുഗമമായി ഹൈവേകളായ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കും, ദുബൈ-അൽഐൻ റോഡിലേക്കും പ്രവേശിക്കാം. റാസൽഖൂറിൽനിന്ന് നാദൽഹമറിലേക്ക് പോകാനുള്ള അണ്ടർപാസ് റോഡും ഇതിന്റെ ഭാഗമാണ്.
ദി ലഗൂൺസ്, ദുബൈ ക്രീക്ക്, മൈദാൻ ഹൊറൈസൻ, റാസൽഖൂർ, അൽവൈസൽ, നാദൽ ഹമ്മർ എന്നിവിടങ്ങളിൽ താമസിക്കുന്ന ആറര ലക്ഷത്തോളം പേരുടെ യാത്ര സുഗമമാക്കാൻ ഈപദ്ധതിക്ക് കഴിയുമെന്നാണ് ആർടിഎയുടെ വിലയിരുത്തൽ.