ചെറുകിട സംരംഭകര്‍ക്ക് 30 ബില്യണ്‍ ദിര്‍ഹം വായ്പാ സൗകര്യമൊരുക്കി എമിറേറ്റ്‌സ് ഡെവലപ്‌മെന്റ് ബാങ്ക്
അഞ്ച് മേഖലയിലെ 13,500 സ്ഥാപനങ്ങള്‍ക്ക് ധനസഹായം ലഭിക്കും
യു.എ.ഇയിലെ ചെറുകിട സംരംഭകര്‍ക്ക് 30 ശതകോടി ദിര്‍ഹമിന്റെ വായ്പ നല്‍കുമെന്ന് എമിറേറ്റ്‌സ് ഡെവലപ്‌മെന്റ് ബാങ്ക്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത്രയും തുക പ്രത്യക്ഷമായും പരോക്ഷമായും വ്യവസായിരംഗത്ത് എത്തിക്കുമെന്നാണ് പ്രഖ്യാപനം.
യു.എ.ഇയിലെ ചെറുകിട വ്യവസായ മേഖലയുടെ വളര്‍ച്ച ലക്ഷമിട്ടാണ് എമിറേറ്റ്‌സ് ഡെവലപമെന്റ് ബാങ്കിന്റെ തീരുമാനം. അടുത്ത മൂന്ന് വര്‍ഷത്തിനകം രാജ്യത്തെ 13, 500 സ്ഥാപനങ്ങള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും 30 ബില്യണ്‍ ദിര്‍ഹം വായ്പായായി ലഭ്യമാക്കും. ചെറുകിട മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് പുതിയ സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കാനും വളര്‍ച്ച കൈവരിക്കാനും ഈ ധനസഹായം ഉപകരിക്കുമെന്നാണ് കണക്കാക്കുന്നത്.
നിര്‍മാണ മേഖല, ഉന്നതസാങ്കേതിക വിദ്യ, അടിസ്ഥാന സൗകര്യവികസനം, ആരോഗ്യ പരിരക്ഷ, ഭക്ഷ്യസുരക്ഷ എന്നിങ്ങനെ അഞ്ച് മേഖലകള്‍ കേന്ദ്രീകരിച്ചായിരിക്കും വായ്പാവിതരണം. ബാങ്കിന്റെ ഈവര്‍ഷത്തെ ഡയരക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനമെടുത്തത്. വ്യവസായ മന്ത്രി ഡോ. സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ജാബര്‍, ചെറുകിട വ്യവസായ സഹമന്ത്രി ഡോ. അഹമ്മദ് ബെല്‍ഹൂല്‍ അല്‍ ഫലാസി തുടങ്ങിയവര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തിരുന്നു.