സ്വദേശിവൽകരണത്തിൽ വീഴ്ചയും തട്ടിപ്പും; യു.എ.ഇയിൽ 441 സ്ഥാപനങ്ങൾക്ക് എതിരെ നടപടി

നിയമം ലംഘിക്കുന്ന കമ്പനികൾക്ക് പിഴ ചുമത്തുന്നതിനൊപ്പം അഡ്മിനിസ്‌ട്രേറ്റീവ് തലത്തിൽ ഉപരോധം ഏർപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി

Update: 2023-07-19 17:23 GMT
Advertising

യു എ ഇയിൽ സ്വദേശിവൽകരണത്തിൽ വീഴ്ച വരുത്തിയ 441 സ്ഥാപനങ്ങൾക്ക് എതിരെ നടപടി. 436 സ്ഥാപനങ്ങൾക്ക് പിഴയിട്ടു. വ്യാജരേഖയുണ്ടാക്കി ചട്ടം മറിക്കാൻ ശ്രമിച്ച സ്ഥാപനങ്ങൾക്ക് എതിരെയും കർശന നടപടി. നൂറോളം കമ്പനികൾ മനപ്പൂർവം നിയമം ലംഘിച്ചതായും പരിശോധനയിൽ വ്യക്തമായി.നിയമം ലംഘിക്കുന്ന കമ്പനികൾക്ക് പിഴ ചുമത്തുന്നതിനൊപ്പം അഡ്മിനിസ്‌ട്രേറ്റീവ് തലത്തിൽ ഉപരോധം ഏർപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

കൂടാതെ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത കമ്പനികളുടെ പട്ടികയിൽ നിന്ന് ഇത്തരം കമ്പനികളെ തരംതാഴ്ത്തും. ഇതോടെ പല സേവനങ്ങൾക്കും ഇവർ ഉയർന്ന ഫീസ് നൽകേണ്ടി വരും. ഗുരുതര ചട്ട ലംഘനം നടത്തുന്ന കമ്പനികളെ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും മന്ത്രാലയം അറിയിച്ചു.

അതേസമയം, ചില കമ്പനികൾ സ്വദേശിവത്കരണ ടാർഗറ്റ് കണ്ടെത്തിയതായി വ്യാജ രേഖകൾ ചമച്ചതായും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഇങ്ങനെ വ്യാജമായി നിയമിക്കപ്പെടുന്ന യു.എ.ഇ പൗരന്മാരുടെ വർക്ക് പെർമിറ്റ് അതോറിറ്റി റദ്ദാക്കുകയും എമിററ്റൈസേഷൻ നയങ്ങൾ പ്രകാരം സാമ്പത്തിക സംഭാവനകൾ അടയ്ക്കാൻ ഉത്തരവിടുകയും ചെയ്യും.

വ്യാജമായി നിർമിക്കപ്പെടുന്ന ഇത്തരം ജോലികൾ സ്വീകരിക്കരുതെന്ന് സ്വദേശികളോടും അതോറിറ്റി അഭ്യർഥിച്ചു. സ്വകാര്യ മേഖലയിലും മറ്റ് പൊതു മേഖലകളിലും ജോലി ചെയ്യുന്ന ഇമാറാത്തികൾ നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 600590000 എന്ന നമ്പറിലോ മന്ത്രാലയത്തിൻറെ ആപ്പിലോ വിവരം അറിയിക്കണം.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News