ഡൽഹി ഐ.ഐ.ടി അബൂദബി കാമ്പസ്:ബി.ടെക് കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു
ബി.ടെക് കോഴ്‌സുകൾക്ക് ജൂൺ മൂന്നുവരെ ഓൺലൈനായി അപേക്ഷിക്കാം
ദുബൈ: അബൂദബിയിലെ ഡൽഹി ഐ.ഐ.ടി കാമ്പസിൽ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക് തുടക്കമായി. ബി.ടെക് കോഴ്‌സുകൾക്ക് ജൂൺ മൂന്നുവരെ ഓൺലൈനായി അപേക്ഷിക്കാം. ഡൽഹി ഐ.ഐ.ടിയുടെ അബൂദബി കാമ്പസിൽ യു.എ.ഇയിലെ പ്രവാസികൾക്കും യു.എ.ഇ സ്വദേശികൾക്കും അന്താരാഷ്ട്ര വിദ്യാർഥികൾക്കും പ്രവേശനം നേടാം. CAET പ്രവേശന പരീക്ഷവഴിയാണ് യോഗ്യത നേടാനാവുക. പരീക്ഷ ജൂൺ 23ന് നടക്കും. ജൂൺ മൂന്നുവരെ ഓൺലൈനായി അപേക്ഷി നൽകാം.300 ദിർഹമാണ് രജിസ്‌ട്രേഷൻ തുക.
ദുബൈ, അബൂദബി, ഷാർജ എന്നിവടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിങ്ങ്, എനർജി സയൻസ് ആന്റ് എഞ്ചിനീയറിങ്ങ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. രണ്ട് കോഴ്‌സുകളിലും 30 വീതം സീറ്റുകളുണ്ടാകും. സിഎഇടിക്ക് പുറമെ JEE അഡ്വാൻസ്ഡ് പരീക്ഷ എഴുതുന്നവർക്കും അബൂദബി ഐ.ഐ.ടി. കാമ്പസിൽ പ്രവേശനം നേടാം. പ്ലസ്ടുവിന് കുറഞ്ഞത് 75 ശതമാനം മാർക്കുണ്ടായിരിക്കണം.