ദുബൈയിലെ പുതിയ ഹിന്ദുക്ഷേത്രം ഒക്ടോബർ നാലിന് ഉദ്ഘാടനം ചെയ്യും
അബൂദബിയിൽ മറ്റൊരു കൂറ്റൻ ഹിന്ദു ക്ഷേത്രത്തിന്റെ നിർമാണം പുരോഗമിക്കുന്നുണ്ട്
ദുബൈയിൽ നിർമിച്ച പുതിയ ഹിന്ദുക്ഷേത്രത്തിന്റെ ഉദ്ഘാടനം ഒക്ടോബർ നാലിന് നടക്കും. യു.എ.ഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്യാൻ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. വൈകുന്നേരം അഞ്ചിനാണ് ഉദ്ഘാടന ചടങ്ങുകൾ.
ദുബൈ ജബൽ അലിയിൽ ക്രിസ്ത്യൻ ദേവാലയങ്ങൾക്കും ഗുരുദ്വാരക്കും സമീപമാണ് പുതിയ ഹിന്ദു ക്ഷേത്രം നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. ഒക്ടോബർ നാലിന് വൈകുന്നേരം അഞ്ചിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സഹിഷ്ണുതാമന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽനഹ്യാനൊപ്പം ഇന്ത്യൻ അംബാസഡറർ സഞ്ജയ് സുധീർ മുഖ്യാതിഥിയായി പങ്കെടുക്കും.
ക്ഷ്രേത്രം ട്രസ്റ്റി രാജു ഷ്റോഫും ഒപ്പുണ്ടാകും. മൂന്ന് വർഷം നീണ്ട ക്ഷേത്രത്തിന്റെ നിർമാണഘട്ടങ്ങൾ ഉദ്ഘാടന ചടങ്ങിൽ അനാവരണം ചെയ്യും. ബഹുനില ക്ഷേത്രത്തിൽ 16 മൂർത്തികളുടെ പ്രതിഷ്ഠയാണുള്ളത്. ദുബൈയിലെ ബർദുബൈയിൽ 1958 മുതൽ ഹിന്ദു ക്ഷേത്രം നിലവിലുണ്ട്.
വിശേഷദിവസങ്ങളിൽ ഇവിടുത്തെ വർധിച്ച തിരക്ക് കൂടി കണക്കിലെടുത്താണ് പുതിയ ക്ഷേത്രം നിർമിച്ചത്. അബൂദബിയിൽ മറ്റൊരു കൂറ്റൻ ഹിന്ദു ക്ഷേത്രത്തിന്റെ നിർമാണം പുരോഗമിക്കുന്നുണ്ട്.