'ഇഷ കണക്ടഡ്'; മലയാളി വനിതയെ മോഡലാക്കിയുള്ള ചിത്രപ്രദര്‍ശനം ദുബൈയില്‍ തുടങ്ങി
ജുമൈറ ബോക്‌സ് പാര്‍ക്കിന് സമീപത്തെ ദി വര്‍ക് ഷോപ്പ് എന്ന ആര്‍ട്ട് ഗാലറിയില്‍ ഏപ്രില്‍ മൂന്ന് വരെ ചിത്രപ്രദര്‍ശനം തുടരും
'ഇഷ കണക്ടഡ്' എന്ന പേരില്‍ ദുബൈയില്‍ ഇന്ത്യന്‍ കലാകാരന്റെ ചിത്രപ്രദര്‍ശനത്തിന് തുടക്കമായി. മുംബൈ സ്വദേശിയായ കൗശല്‍ ചൗധരിയുടേതാണ് ചിത്രങ്ങള്‍. 2019 ല്‍ മിസിസ് യൂനിവേഴ്‌സായി തെരഞ്ഞെടുക്കപ്പെട്ട മലയാളിയായ ഇഷാ ഫറാ ഖുറൈശിയെ മോഡലാക്കിയാണ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്.27 ചിത്രങ്ങളും മൂന്ന് ശില്‍പങ്ങളുമാണ് ഈ പ്രദര്‍ശനത്തിലുള്ളത്.
ആത്മീയതെയും ചിത്രകലയെയും സംയോജിപ്പിച്ച് രചനകള്‍ നടത്തുന്ന കൗശല്‍ ചൗധരിയുടെ കണക്ടഡ് പരമ്പരയുടെ തുടര്‍ച്ചയാണ് ഇഷ കണക്ടഡ്. ഇഷ എന്നത് ചിത്രങ്ങള്‍ക്ക് പ്രചോദനമായ ദേവതയുടെ പേരാണ്. അതേ പേരുള്ള മോഡലിനെ രചനക്കായി ലഭിച്ചത് ആകസ്മികമായിരുന്നു എന്ന് ചിത്രകാരന്‍ പറയുന്നു. മിസിസ് യൂനിവേഴ്‌സ്, മിസിസ് ഇന്റര്‍നാഷണല്‍ പുരസ്‌കാരങ്ങള്‍ നേടിയ മലയാളി മോഡലും നര്‍ത്തകിയുമാണ് ചിത്രങ്ങളിലുള്ള തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ഇഷ ഫറ ഖുറൈശി.
ഒരു വര്‍ഷം സമയമെടുത്താണ് ഇഷ കണക്ടഡിലെ ഈ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്. മലയാളി ചിത്രകലാ അധ്യാപിക ജെസ്‌നോ ജാക്‌സനാണ് പ്രദര്‍ശനത്തിന്റെ കുറേറ്റര്‍. ദുബൈ ജുമൈറ ബോക്‌സ് പാര്‍ക്കിന് സമീപത്തെ ദി വര്‍ക് ഷോപ്പ് എന്ന ആര്‍ട്ട് ഗാലറിയില്‍ ഏപ്രില്‍ മൂന്ന് വരെ ചിത്രപ്രദര്‍ശനം തുടരും.