ദുബൈ മെട്രോയിൽ വൈ ജംഗ്ഷൻ; യു.എ.ഇ എക്സ്ചേഞ്ച് സ്റ്റേഷനിലേക്ക് നേരിട്ട് യാത്ര
ഈ മാസം 15 മുതലാണ് ദുബൈ മെട്രോ പുതിയ സൗകര്യം ഏർപ്പെടുത്തുന്നത്
ദുബൈ മെട്രോ യാത്രക്കാർക്ക് പുതിയ സൗകര്യം. യു.എ.ഇ എക്സ്ചേഞ്ച് സ്റ്റേഷനിലേക്ക് യാത്ര ചെയ്യാൻ ഇനി ജബൽ അലി സ്റ്റേഷനിൽ ട്രെയിൻ മാറി കയറേണ്ടതില്ല. ഇതിനായി റെഡ് ലൈനില്‍ പുതിയ വൈ ജംഗ്ഷൻ സ്ഥാപിച്ചതായി ദുബൈ ആർ ടി എ അറിയിച്ചു.
ഈ മാസം 15 മുതലാണ് ദുബൈ മെട്രോ പുതിയ സൗകര്യം ഏർപ്പെടുത്തുന്നത്. വൈ ജംഗ്ഷൻ പ്രവർത്തനമാരംഭിക്കുന്നതോടെ യാത്രക്കാർക്ക് സെന്റർപോയന്റ് സ്റ്റേഷനിൽ നിന്ന് യു.എ.ഇ എക്സ്ചേഞ്ച് സ്റ്റേഷനിലേക്കും അവിടെ നിന്ന് തിരിച്ചും നേരിട്ട് യാത്ര നടത്താം. ഇവർ ജബൽ അലി സ്റ്റേഷനിൽ ഇറങ്ങി ട്രെയിൻ മാറി കയറേണ്ടി വരില്ല.
റെഡ് ലൈനില്‍ എക്സ്പോ സിറ്റിയിലേക്കുള്ള റൂട്ട് 2020 കൂട്ടിച്ചേർത്തതോടെ എല്ലാ ട്രെയിനുകളും എക്സ്പോ സിറ്റി സ്റ്റേഷനിലേക്കാണ് നേരിട്ട് സർവീസ് നടത്തുന്നത്. ജബൽ അലി സ്റ്റേഷനിൽ നിന്ന് യു.എ.ഇ എക്സ്ചേഞ്ച് ഭാഗത്തേക്ക് പോകേണ്ടവർക്ക് ട്രെയിൻ മാറി കയറണമായിരുന്നു.
ഏപ്രിൽ 15 മുതൽ ഇടവിട്ട സമയങ്ങളിൽ സെന്റർപോയന്റ് സ്റ്റേഷനിൽ നിന്ന് യു.എ.ഇ എക്സ്ചേഞ്ച് സ്റ്റേഷനിലും, എക്സ്പോ 2020 സ്റ്റേഷനിലും യാത്ര അവസാനിപ്പിക്കുന്ന ട്രെയിനികളുണ്ടാകും. ഇവയുടെ വിവരങ്ങൾ മെട്രോ സ്റ്റേഷനിലെ ഇൻഫർമേഷൻ ബോർഡിൽ തെളിയും. റൂട്ടിലെ മാറ്റങ്ങൾ യാത്രക്കാർക്ക് വിശദീകരിച്ച് നൽകാൻ പ്രത്യേകം ജീവനക്കാരെ നിയമിക്കുമെന്ന് ആർ ടി എ അറിയിച്ചു.