പുതുവൽസരാഘോഷം: ദുബൈയിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു
ബുർജ് ഖലീഫ മെട്രോ സ്റ്റേഷൻ വൈകുന്നേരം 5 മുതൽ അടച്ചിടും
ദുബൈ: പുതുവൽസരം മുൻ നിർത്തി ദുബൈയിൽ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച വൈകീട്ട് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബൊളിവാർഡ്, ദുബൈ മാൾ എന്നിവിടങ്ങളിലേക്കുള്ളവർ ശനിയാഴ്ച വൈകുന്നേരം 4ന് മുമ്പ് എത്തിച്ചേരണം. ഫിനാൻഷ്യൽ സെന്‍റർ റോഡിന്‍റെ ലോവർ ഡെക്ക് വൈകുന്നേരം 4നും അൽ സുക്കൂക്ക് സ്ട്രീറ്റ് രാത്രി 8നും അടക്കും. ബുർജ് ഖലീഫ മെട്രോ സ്റ്റേഷൻ വൈകുന്നേരം 5 മുതൽ അടച്ചിടും. രാത്രി 8 മുതൽ അൽ സുക്കൂക്ക് സ്ട്രീറ്റ് അടക്കും. ദുബൈ വാട്ടർ കനാൽ എലിവേറ്ററുകളും കാൽനട പാലങ്ങളും അൽ സഫ, ബിസിനസ് ബേ ഏരിയകളിൽ അടച്ചിടും.
അബൂദബി റോഡുകളിൽ ലോറികൾക്കും തൊഴിലാളികളെ കൊണ്ടുപോവുന്ന ബസ്സുകൾക്കും നിരോധനം
പുതുവർഷ രാവിൽ അബൂദബി റോഡുകളിൽ ലോറികൾക്കും തൊഴിലാളികളെ കൊണ്ടുപോവുന്ന ബസുകൾക്കും നിരോധനം. ശൈഖ് സായിദ്, ശൈഖ് ഖലീഫ, മുസ്സഫ, മഖ്ത പാലങ്ങൾ തുടങ്ങിയ എല്ലാ എൻട്രി പോയിന്‍റുകളിലും വലിയ വാഹനങ്ങൾ നിർത്തണമെന്ന് അധികൃതർ അറിയിച്ചു. ഡിസംബർ 31 ശനി രാവിലെ 7 മുതൽ ജനുവരി ഒന്ന് ഞായർ രാവിലെ 7 വരെയാണ് വലിയ വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്.