യു.എ.ഇയിൽ രണ്ടായിരത്തിലേറെ തടവുകാർക്ക് മോചനം
ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായാണ് ഉത്തരവ്
ദുബൈ: യു.എ.ഇയിൽ രണ്ടായിരത്തിലേറെ തടവുകാർക്ക് മോചനം. ബലിപെരുന്നാൾ ആഘോഷത്തിന് മുന്നോടിയായാണ് വിവിധ എമിറേറ്റുകളിലെ തടവുകാരെ മോചിപ്പിക്കാൻ ഭരണാധികാരികൾ ഉത്തരവിട്ടത്. യു.എ.ഇയിലെ വിവിധ ജയിലുകളിൽ നിന്ന് 1,138 തടവുകാരെ മോചിപ്പിക്കാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവിട്ടു.
ദുബൈയിലെ ജയിലുകളിൽ നിന്ന് 686 തടവുകാരെ മോചിപ്പിക്കാൻ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം നിർദേശം നൽകി. ഷാർജയിലെ ജയിലുകളിൽ നിന്ന് 352 തടവുകാരെ മോചിപ്പിക്കും. ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽഖാസിമിയാണ് ഇത്തരവിട്ടത്. ഫുജൈറയിലെ ജയിലുകളിൽ നിന്ന് 94 തടവുപുള്ളികളെ മോചിപ്പിക്കാൻ ഫുജൈറ ഭരണാധികാരി ഹമ്ദ് ബിൻ മുഹമ്മദ് ആൽശർഖിയും ഉത്തരവിട്ടു. അടുത്തദിവസങ്ങളിൽ കൂടുതൽ എമിറേറ്റുകൾ തടവുകാരെ മോചിപ്പിക്കാൻ സാധ്യതയുണ്ട്.