റാസൽഖൈമയിൽ അനധികൃതമായി സൂക്ഷിച്ച പതിനെട്ടര ടൺ പടക്കശേഖരം പിടികൂടി
പെരുന്നാൾ ആഘോഷത്തിന് മുന്നോടിയായി സജീവമാകുന്ന ഇത്തരം സംഘങ്ങൾക്കെതിരെ ജാഗ്രതപാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ്.
റാസൽഖൈമ: റാസൽഖൈമയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കശേഖരം പൊലീസ് പിടിച്ചെടുത്തു. പതിനെട്ടര ടൺ കരിമരുന്ന് ഉൽപന്നങ്ങളാണ് പൊലീസ് പിടികൂടിയത്.
റാസൽഖൈമയിലെ ഒരു വീട് കേന്ദ്രീകരിച്ച് നടന്നിരുന്ന അനധികൃത പടക്ക കച്ചവടത്തിനായി വീടിന് പിന്നിലെ തോട്ടത്തിലാണ് വൻ പടക്കശേഖരവും കരിമരുന്ന് ഉൾപന്നങ്ങളും സൂക്ഷിച്ചിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് കേന്ദ്രത്തിന്റെ നടത്തിപ്പുകാരനെ അറസ്റ്റ് ചെയ്തു. നിരോധിത ഉൽപന്നങ്ങൾ ഒട്ടും സുരക്ഷിതമല്ലാതെയാണ് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. 1038 പെട്ടികളിലായി സൂക്ഷിച്ചിരുന്ന 18.5 ടൺ പടക്കശേഖരവും കരിമരുന്ന് ഉൽപന്നങ്ങളും പൊലീസ് പിടിച്ചെടുത്തു. പെരുന്നാൾ ആഘോഷത്തിന് മുന്നോടിയായി സജീവമാകുന്ന ഇത്തരം അനധികൃത പ്രവണതകൾക്കെതിരെ ജാഗ്രതപാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.