കൊലക്കേസിൽ ദുബൈയില്‍ 18 വർഷം തടവുശിക്ഷ; ഒടുവിൽ അഞ്ച് ഇന്ത്യക്കാർക്ക് മോചനം

2005ൽ നേപ്പാൾ സ്വദേശിയെ കൊന്ന കുറ്റത്തിന് ജയിലിലടക്കപ്പെട്ട തെലങ്കാന സ്വദേശികളാണ് മോചിതരായത്

Update: 2024-02-22 19:23 GMT
Editor : Shaheer | By : Web Desk
Advertising

അബൂദബി: കൊലപാതകക്കേസിൽ ദുബൈയിൽ 18 വർഷത്തെ തടവുശിക്ഷ കഴിഞ്ഞ് അഞ്ച് ഇന്ത്യക്കാർക്ക് മോചനം. തെലങ്കാന സ്വദേശികളാണു മോചിതരായി നാട്ടിലെത്തിയത്. 2005ൽ നേപ്പാൾ സ്വദേശിയെ കൊന്ന കുറ്റത്തിനാണ് ഇവര്‍ ജയില്‍വാസം അനുഭവിച്ചത്. ജയിൽമോചിതരായവരെ നാട്ടിലെത്തിച്ചതായി തെലങ്കാന ഗൾഫ് എൻ.ആർ.ഇ സെൽ അറിയിച്ചു.

25 വർഷത്തെ ശിക്ഷാകാലാവധി 18 വർഷമായി ഇളവ് ചെയ്താണ് തെലങ്കാന രാജണ്ണ സിർസില്ല ജില്ലക്കാരായ അഞ്ചുപേരും മോചിതരായത്. ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയ ഇവരെ ബന്ധുക്കൾ കണ്ണീരോടെ വരവേറ്റു. ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്‍റെയും തെലങ്കാന സർക്കാരിന്‍റെയും സാമൂഹിക സംഘടനകളുടെയും ഇടപെടലിന്‍റെ ഫലമായാണ് മോചനത്തിന് വഴിതെളിഞ്ഞതെന്ന് തെലങ്കാന ഗൾഫ് എൻ.ആർ.ഐ സെൽ കൺവീനർ എസ്.വി റെഡ്ഡി പറഞ്ഞു.

നിർമാണത്തൊഴിലാളികളായ ഇവരും നേപ്പാള്‍ സ്വദേശിയും തമ്മില്‍ സോനാപൂരിലെ ലേബർക്യാമ്പിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ദുബൈ കോടതി ആദ്യം പ്രതികൾക്ക് പത്ത് വർഷം ശിക്ഷ വിധിച്ചു. അപ്പീൽ കോടതി ശിക്ഷ 25 വർഷമായി വർധിപ്പിച്ചു. കൊല്ലപ്പെട്ട നേപ്പാൾ സ്വദേശിയുടെ കുടുംബത്തെ തെലങ്കാന മന്ത്രി സന്ദർശിച്ച് മോചനത്തിന് സഹായിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Full View

Summary: 5 Indian men, released from Dubai jail after 18 years in murder case, reunite with families

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News