അബൂദബിയിലെ ബെഹ് ലൂൽ ഗ്യാങിനെതിരെ വിചാരണ നടപടികൾ ആരംഭിച്ചു
സംഘത്തിലെ നൂറിലേറെ പേർക്കെതിരെയാണ് അറ്റോർണി ജനറൽ വിചാരണക്ക് ഉത്തരവിട്ടത്
അബൂദബിയിൽ പിടിച്ചുപറി ഉൾപ്പടെ സംഘടിത കുറ്റകൃത്യങ്ങൾ നടത്തിയിരുന്ന ബെഹ് ലൂൽ ഗ്യാങ് എന്ന ക്രിമിനൽ സംഘത്തിനെതിരെ പബ്ലിക് പ്രോസിക്യൂഷൻ വിചാരണ നടപടികൾ ആരംഭിച്ചു. സംഘത്തിലെ നൂറിലേറെ പേർക്കെതിരെയാണ് അറ്റോർണി ജനറൽ വിചാരണക്ക് ഉത്തരവിട്ടത്.
പൊതുസുരക്ഷക്ക് ഭീഷണിയാകും വിധം സംഘം ചേർന്ന് പിടിച്ചുപറി നടത്തിയിരുന്നവരാണ് ഈ ഗ്യാങ്. ഏഴുമാസമായി നടക്കുന്ന അന്വേഷണങ്ങൾക്കൊടുവിൽ ഇവരെ അബൂദബിയിലെ ഫെഡറൽ അപ്പീൽ കോടതിയുടെ രാജ്യസുരക്ഷ വിഭാഗമാണ് വിചാരണ ചെയ്യുക. ക്രിമിനൽ സംഘം രൂപീകരിക്കുക, നിയമവിരുദ്ധമായി പണം സമ്പാദിക്കുക, തട്ടിയെടുക്കുന്ന പണം അംഗങ്ങൾക്കിടയിൽ വിതരണം ചെയ്യുക, സാമൂഹിക മാധ്യമങ്ങളിലൂടെ കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുക തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഇവർ പങ്കാളികളായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ജനങ്ങളെ ഭീഷണിപ്പെടുത്താൻ ഇവർ നിരോധിത ആയുധങ്ങൾ ശേഖരിച്ചിരുന്നതായും തെളിവുകളുണ്ട്. പൊതുസുരക്ഷക്ക് ഭീഷണിയാകുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും, ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.