പൊതുമാപ്പ് പദ്ധതി നടത്തിപ്പിന് നിർമിത ബുദ്ധി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുമെന്ന് യു.എ.ഇ

സെപ്റ്റംബർ ഒന്നുമുതലാണ് രണ്ട് മാസം നീണ്ടു നിൽകുന്ന പദ്ധതി ആരംഭിക്കുക

Update: 2024-08-04 18:25 GMT
Advertising

ദുബൈ: വിസ നിയമലംഘകർക്ക് ഇളവ് നൽകാനുള്ള പദ്ധതിയുടെ നടത്തിപ്പിന് നിർമിത ബുദ്ധി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുമെന്ന് യുഎഇ. വിസ കാലാവധി കഴിഞ്ഞ നിരവധി പേർക്ക് ഉപകാരപ്പെടുന്ന കാമ്പയിൻ പ്രവാസികളടക്കം ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. സെപ്റ്റംബർ ഒന്നുമുതലാണ് രണ്ട് മാസം നീണ്ടു നിൽകുന്ന പദ്ധതി ആരംഭിക്കുക.

വിസ നിയമലംഘകർക്കുള്ള ഇളവുമായി ബന്ധപ്പെട്ട നടപടികൾ ചർച്ച ചെയ്യാൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം യോഗം ചേർന്നു. നടപടികൾ എളുപ്പമാക്കുന്നതിനാണ് നിർമിതബുദ്ധിയും മറ്റു സ്മാർട്ട് സംവിധാനങ്ങളും ഉപയോഗിക്കാനുള്ള തീരുമാനം. നവീന സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നത് ഉദ്യോഗസ്ഥരുടെ ജോലി കുറക്കാനും ഉപകരിക്കും. ഐ.സി.പി ആക്ടിങ്ഡയറക്ടർ മേജർ ജനറൽ സുഹൈൽ ജുമാ അൽ ഖൈലിയുടെ അധ്യക്ഷതയിൽ അബൂദബിയിലായിരുന്നു യോഗം.

പൊതുമാപ്പ് നടപ്പാക്കുന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്ന് അധികൃതർ വ്യക്തമാക്കി. ഗ്രേസ് പീരിയഡിന്റെ നടപടിക്രമങ്ങൾ ചർച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം ദുബൈ ജി.ഡി.ആർ.എഫ്.എയിലും ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേർന്നിരുന്നു. ഇളവ് നടപടികൾ ഫലപ്രദമായി നടപ്പാക്കുന്നതിന് ദുബൈ ജി.ഡി.ആർ.എഫ്.എ പ്രത്യേക സംഘത്തെ രൂപവത്കരിച്ചിട്ടുമുണ്ട്. സെപ്റ്റംബർ ഒന്നു മുതലുള്ള രണ്ടു മാസ കാലയളവിൽ അനധികൃത താമസക്കാർക്ക് പിഴ അടക്കാതെ രാജ്യം വിടുകയോ ഫെഡറൽ നിയമം അനുസരിച്ച് താമസരേഖകൾ ശരിയാക്കി രാജ്യത്ത് തുടരുകയോ ചെയ്യാനുള്ള അവസരമുണ്ടാകും.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News