ബറഖ ആണവനിലയം നാലാം യൂനിറ്റ് പ്രവർത്തനം തുടങ്ങി; കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കും

2025ഓടെ അബൂദബിയുടെ വൈദ്യുതി ആവശ്യത്തിന്‍റെ 85 ശതമാനവും ബറഖ ആണവോര്‍ജ നിലയം ഉല്‍പാദിപ്പിക്കുമെന്നാണ് വിലയിരുത്തൽ

Update: 2024-03-02 18:01 GMT
Advertising

അബൂദബി: അബൂദബിയിലെ ബറഖ ആണവ കേന്ദ്രം നാലാം യൂനിറ്റിന്റെ പ്രവര്‍ത്തനം വിജയകരമെന്ന് എമിറേറ്റ്‌സ് ആണവോര്‍ജ കോർപറേഷൻ. നിലയത്തിന്റെ പ്രവർത്തനം പൂർത്തിയാകുന്നതോടെ ഇന്ധന രംഗത്ത് വലിയ മുന്നേറ്റം ഉറപ്പാക്കാൻ യു.എ.ഇക്ക് സാധിക്കും.

നാലാമത്തെ യൂനിറ്റിന്‍റെ പ്രവര്‍ത്തനംകൂടി തുടങ്ങാനായത് സുപ്രധാന നേട്ടമാണെന്ന് ഇനെക് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടിവുമായ മുഹമ്മദ് അല്‍ ഹമ്മാദി പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷമായി യു.എ.ഇ ആളോഹരി ശുദ്ധോര്‍ജ തോത് ലോകത്തിലെ മറ്റേതൊരു രാജ്യത്തേതിനെക്കാള്‍ ഉയര്‍ന്നതാണ്.

ഇതിൽ 75 ശതമാനവും ബറക്ക നിലയത്തില്‍നിന്നാണ്. നാലാമത്തെ യൂനിറ്റുകൂടി പൂര്‍ണതോതില്‍ ഉല്‍പാദനം തുടങ്ങുന്നതോടെ ബറഖ നിലയം ഉല്‍പാദിപ്പിക്കുന്ന കാര്‍ബണ്‍മുക്ത ഊര്‍ജം 5600 മെഗാവാട്ടായി ഉയരും. ഇത് യു.എ.ഇയുടെ ആകെ വൈദ്യുതി ആവശ്യത്തിന്‍റെ 25 ശതമാനമാണ്.

2020 ഫെബ്രുവരിയിലായിരുന്നു നിലയത്തിന്‍റെ ആദ്യ യൂനിറ്റിന്‍റെ പ്രവര്‍ത്തന ലൈസന്‍സ് ലഭിച്ചത്. 2021 മാര്‍ച്ചില്‍ രണ്ടാം യൂനിറ്റിനും ലൈസന്‍സ് ലഭിച്ചു. 2021 ഏപ്രില്‍ ഒന്നിനാണ് ഒന്നാം യൂനിറ്റിന്‍റെ വാണിജ്യപരമായ പ്രവര്‍ത്തനം ആരംഭിച്ചത്.

ഫോസില്‍ ഇന്ധനങ്ങളില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിച്ചിരുന്നതിലൂടെ പുറന്തള്ളിയിരുന്ന 50 ലക്ഷത്തിലേറെ ടണ്‍ കാര്‍ബണാണ് ഒന്നാം യൂനിറ്റ് പ്രവര്‍ത്തനമാരംഭിച്ച് ഒരുവര്‍ഷം കൊണ്ട് ബറഖ ആണവോര്‍ജ നിലയം ഇല്ലാതാക്കിയത്. 2025ഓടെ അബൂദബിയുടെ വൈദ്യുതി ആവശ്യത്തിന്‍റെ 85 ശതമാനവും ബറഖ ആണവോര്‍ജ നിലയം ഉല്‍പാദിപ്പിക്കുമെന്നാണ് വിലയിരുത്തൽ.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News