രോഗികളെ പിന്തുണക്കുക, മരിച്ചവരെ അനുസ്മരിക്കുക:  ഓര്‍മ്മപ്പെടുത്തലുമായി വീണ്ടുമൊരു എയ്ഡ്സ് ദിനം കൂടി  

ഏതൊരു രോഗത്തെപ്പോലെയും പ്രാഥമിക ഘട്ടത്തിലുള്ള രോഗനിർണയവും ശരിയായ ചികിത്സയും എയ്ഡ്സിന് ഫലപ്രദമാണ്.

Update: 2018-12-01 12:55 GMT
ഫഹദ് റഷീദ് : ഫഹദ് റഷീദ്
Advertising

എച്ച്.ഐ.വി അണുബാധ മൂലം ഉണ്ടാവുന്ന രോഗമാണ് എയിഡ്സ്. രോഗബാധിതരുടെ പ്രതിരോധശേഷി നഷ്ടപ്പെടുന്നു എന്നതാണ് ഇതിന്റെ സവിശേഷത. അതുകൊണ്ടു തന്നെ മറ്റുരോഗങ്ങൾ ശരീരത്തെ ബാധിക്കുന്ന സാധ്യത വളരെ കൂടുതലാണ്. ഈ ഒരു കാരണം കൊണ്ട് എച്ച്.ഐ.വി അണുബാധക്കു ശേഷം രോഗലക്ഷണങ്ങൾ പ്രകടമാകാൻ ഓരോ വ്യക്തിയുടെയും പ്രതിരോധശേഷിക്കനുസരിച്ച് ആറ് മാസം മുതൽ അനേകം വർഷം വരെയുള്ള കാലയളവെടുക്കുന്നു.

ഏതൊരു രോഗത്തെപ്പോലെയും പ്രാഥമിക ഘട്ടത്തിലുള്ള രോഗനിർണയവും ശരിയായ ചികിത്സയും എയ്ഡ്സിന് ഫലപ്രദമാണ്. എന്നാൽ സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന വലിയ തെറ്റിദ്ധാരണകളും സംശയങ്ങളും ശരിയായ ചികിത്സാ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ നിന്നും ആളുകളെ പിന്തിരിപ്പിക്കുകയാണ്. ഇതിനുള്ള പ്രധാന പരിഹാരം രോഗത്തെക്കുറിച്ച് വ്യക്തമായി അറിയുക എന്നതുമാത്രമാണ്.

എയ്ഡ്സ് എന്നാൽ അക്വായഡ് ഇമ്മ്യൂൺ ഡിഫിഷ്യൻസി സിൻഡ്രം. ഇത് കാന്‍സറുപോലെ അറിയാത്ത കാരണങ്ങൾ കൊണ്ടുണ്ടാകുന്നതല്ല. മറിച്ച് ഏതെങ്കിലും സാഹചര്യത്തിൽ നാം വരുത്തികൂട്ടുന്ന അല്ലെങ്കിൽ നേടിയെടുക്കുന്ന രോഗമാണിതെന്ന് സൂചിപ്പിക്കുന്നു അക്വായഡ് എന്ന പദം. 1981 ൽ അമേരിക്കയിലാണ് ഈ രോഗം കണ്ടെത്തുന്നത്. ഇന്ന് ലോകത്ത് 30.9 മില്ല്യൺ ആളുകളാണ് എച്ച്.ഐ.വി ബാധിതരായി ജീവിക്കുന്നത്. അതിൽ 1.8 മില്ല്യൺ കുട്ടികളാണ്. ഇന്ത്യയിൽ രണ്ട് മില്യൺ രോഗബാധിതരുണ്ടെന്നാണ് കണക്കുകൾ.

മനുഷ്യചരിത്രത്തിലെ ഏറ്റവും ദാരുണമായ പകർച്ചവ്യാധിയായാണ് എയ്ഡ്സ് അറിയപ്പെടുന്നത്. വളരെ വേഗം പകരുന്ന രോഗമായതിനാൽ ലോകത്താകമാനം ഈ രോഗത്തെക്കുറിച്ചുള്ള ഭയം പടർന്നുപിടിച്ചു. രോഗപ്രതിരോധശേഷി തീരെ കുറയുന്നതോടെ ചെറിയൊരു ജലദോഷം വന്നാൽ പോലും അത് മാരകമായി തീരുന്ന നിലയിലാകുന്നു. ഏതുസമയത്തും ഗുരുതരമായ രോഗങ്ങൾ ബാധിച്ച് രോഗി മരിക്കുമെന്നതും എയ്ഡ്സിനെക്കുറിച്ചുള്ള ഭീതി വർധിപ്പിച്ചു. അതുകൊണ്ടു തന്നെ ആദ്യം മുതൽക്കേ ഈ രോഗത്തെക്കുറിച്ച് വളരെയേറെ ബോധവത്കരണവും പ്രതിരോധപ്രവർത്തനങ്ങളും നടന്നിരുന്നു. ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. ഇതിന്റെ ഫലമായി ലോകത്താകമാനം എയ്ഡ്സ് വ്യാപനം ഒരളവോളം കുറക്കാൻ സാധിച്ചിട്ടുണ്ട്. പ്രതിരോധപ്രവർത്തനങ്ങൾക്ക് രോഗത്തെക്കുറിച്ച് വ്യക്തമായ അറിവ് ഏറെ സഹായകരമാണ്.

രോഗം വരാൻ കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങളും പകരുന്ന മാർഗങ്ങളും

സ്വവർഗാനുരാഗികളായ പുരുഷന്മാരിലും ഒന്നിൽ കൂടുതൽ ആളുകളുമായി ലൈംഗികബന്ധം പുലർത്തുന്നവരിലും ഈ രോഗത്തിന്റെ വ്യാപനം കൂടുതലാണ്. ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗം എന്ന നിലക്കാണ് പൊതുവെ എയ്ഡ്സ് അറിയപ്പെടുന്നത്. രോഗപ്പകർച്ചയുടെ കാര്യത്തിൽ ലൈംഗികബന്ധം വളരെ പ്രധാനപ്പെട്ടതു തന്നെ. എന്നാൽ അതിനപ്പുറം മറ്റനേകം കാരണം കൊണ്ടും എയിഡ്സ് പകരാം. രക്തം ദാനം ചെയ്യുമ്പോളും സ്വീകരിക്കുമ്പോളും എയിഡ്സ് പകരാനുള്ള സാധ്യതയുണ്ട്. ഇതൊഴിവാക്കുവാൻ വേണ്ടി രക്തം എടുക്കുന്നതിന് മുമ്പും ശേഷവും പലതരം പരിശോധനകളും നടത്തിവരാറുണ്ട്. ശരീരത്തിലെ മുറിവോ മറ്റോ രോഗബാധിതരുടെ രക്തവുമായി ചേർന്നാൽ അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.

അമ്മക്ക് എയ്ഡ്സ് ഉണ്ടെങ്കിൽ കുഞ്ഞുങ്ങൾക്കും ഇതേ രോഗമുണ്ടാവാനുള്ള സാധ്യതയുണ്ട്. ഗർഭകാലത്തോ, പ്രസവസമയത്തോ മുലയൂട്ടുമ്പോഴോ സംഭവിക്കാവുന്നതാണ്. ഈ തരത്തിൽ തന്നെ നമ്മുടെ നാട്ടിൽ തന്നെ സ്കൂളുകളിൽ നിന്നും പുറത്താക്കുന്നതുൾപ്പെടെ പല തരത്തിലുള്ള സംഭവങ്ങളും നടന്നിട്ടുണ്ട്. രോഗബാധയുള്ള കുട്ടികൾക്കൊപ്പമിരുന്ന് കളിക്കുകയോ പഠിക്കുകയോ ചെയ്യുന്നതുകൊണ്ട് രോഗം പകരില്ല. രോഗമുള്ളയാളുടെ ശരീരസ്രവങ്ങളിലൂടെയാണ് രോഗം പകരുന്നത്. ലൈംഗിക തൊഴിലാളികളിലും ആരോഗ്യപ്രവർത്തകരിലും ഈ രോഗത്തിന്റെ അളവ് കൂടുതലായി കാണുന്നുണ്ട്.

രോഗം കണ്ടെത്തുന്നതെങ്ങനെ?

എലിസാ ടെസ്റ്റാണ് പ്രാഥമിക പരിശോധ്ക്കുപയോഗിക്കുന്നത്. എന്നാൽ എലിസാ ടെസ്റ്റ് പോസിറ്റീവ് ആയതുകൊണ്ടുമാത്രം ഒരാൾ എയ്ഡ്സ് രോഗിയാണെന്ന് തീരുമാനിക്കാനാവില്ല. തുടർന്നു നടത്തുന്ന വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റ് കൂടി പോസിറ്റീവായാൽ മാത്രമേ ഒരാൾക്ക് എയ്ഡ്സ് ബാധ ഉണ്ടെന്നു പറയാൻ കഴിയൂ.

സാധാരണഗതിയിൽ എയിഡ്സ് രോഗികൾ ചില പ്രത്യേക ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ശരീരത്തിന്റെ പത്തു ശതമാനത്തിലധികം ഭാരം കുറയുക, ഒരു മാസത്തിലധികമായി വയറിളക്കം ഉണ്ടാവുക, ഒരുമാസത്തിലധികം പനിയുണ്ടാവുക തുടങ്ങിയവയൊക്കെയാണവ.

ഒരുപാട് ആളുകൾക്ക് രോഗപ്പകർച്ചയുടെ സംശയത്താലും ഭയം കാണപ്പെടാറുണ്ട്. രോഗത്തെക്കുറിച്ചും രോഗപ്രതിരോധത്തെക്കുറിച്ചും വ്യക്തമായ കൗൺസിലിംഗ് അത്തരത്തിലുള്ള ആളുകൾക്ക് നൽകേണ്ടതുണ്ട്. എച്ച്.ഐ.വി കൗൺസിലിംഗ് സ്വകാര്യമായും രഹസ്യമായും വ്യക്തിയുടെ സൗകര്യത്തിനനുസരിച്ചുമാണ് ചെയ്യാറുള്ളത്.

രോഗചികിത്സ

എയ്ഡ്സ് രോഗം പൂർണമായി ഭേദമാക്കുന്നതിനുള്ള ഔഷധങ്ങൾ കണ്ടെത്തിയിട്ടില്ല. രോഗം പ്രതിരോധിക്കുന്നതിനും വന്നാൽ ഭേദമാക്കുന്നതിനുമുളള ഔഷധങ്ങൾക്കായി ലോകമെമ്പാടും ഗവേഷണങ്ങൾ തുടരുകയാണ്. അണുബാധയുള്ളവരുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തി അവരുടെ ആയുർദൈർഘ്യം വർധിപ്പിക്കുക എന്നതാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. മുമ്പത്തേതിനെ അപേക്ഷിച്ച് ചികിത്സാ രീതികളും അതിന്റെ ഫലങ്ങളും മെച്ചപ്പെട്ടിട്ടുണ്ട്.

എച്ച്.ഐ.വി ബാധയെ തടയുന്നതിന് കേരള സംസ്ഥാന എയിഡ്സ് നിയന്ത്രണ സൊസൈറ്റി തിരുവന്തപുരത്ത് പ്രവർത്തിക്കുന്നുണ്ട്. ഉഷസ് എന്ന പേരിൽ കേരളത്തിലെ മെഡിക്കൽ കോളേജുകൾക്കു കീഴിൽ എ.ആർ.ടി (അന്റി റെട്ട്രോവൈറൽ ട്രീറ്റ്മെന്റ്) സെന്ററുകൾ പ്രവര്‍ത്തിക്കുന്നുണ്ട്. CD4 എന്ന പ്രതിരോധ കോശങ്ങളുടെ കുറവാണ് ഈ രോഗത്തിനു കാരണം. സാധാരണ ഗതിയില്‍ 950 ആണിതിന്റെ എണ്ണം. എയിഡ്സ് ബാധിതര്‍ക്ക് ഇത് 20ല്‍ താഴെ ആയിരിക്കും. എച്ച്.ഐ.വി ബാധിതര്‍ക്കുളള CD4 ടെസ്റ്റിംഗ് സൌജന്യമായാണ് ഈ കേന്ദ്രങ്ങളില്‍ നല്‍കിവരുന്നത്. പ്രതിരോധശേഷി തകര്‍ച്ച മൂലമുണ്ടായ രോഗങ്ങള്‍ക്ക് മരുന്നും മറ്റു ചികിത്സയും സൌജന്യമാണിവിടെ. ഇന്ത്യയില്‍ ആദ്യമായി എ.ആര്‍.ടി സെന്ററുകള്‍ തുറക്കുന്നത് കേരളമാണ്. എച്ച്.ഐ.വി ബാധിതര്‍ക്ക് പെന്‍ഷനും നല്‍കിവരുന്നുണ്ട്.

എയ്ഡ്സ് രോഗത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍ക്കും ഭയത്തിനുമൊക്കെ അറിവില്ലായ്മയാണ് പ്രധാന കാരണമെന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. എച്ച്.ഐ.വി കൂടുതലായി ബാധിച്ചിരിക്കുന്ന സമൂഹത്തിലെ ചില പ്രത്യേക വിഭാഗം ആളുകളെക്കുറിച്ചുള്ള മുന്‍വിധികളും മറ്റും ഇതിന്റെ കാരണങ്ങളിലൊന്നാണ്. ഈ രോഗം പടരുന്ന മാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് അടുത്തത്.

തൊടുന്നത് മൂലവും അടുത്തിരിക്കുന്നത് കൊണ്ടും രോഗം പകരും എന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം ഇന്നും സമൂഹത്തിലുണ്ട് എന്നത് അത്ഭുതകരമായ സംഗതിയാണ്. എയ്ഡ്സ് ബാധിതര്‍ക്കെതിരായുള്ള വിവേചനപരമായ പ്രവര്‍ത്തനം നിയമപ്രകാരമായി തെറ്റാണ്. ഉദാഹരണത്തിന് ഒരു പല്ലുഡോക്ടര്‍ എച്ച്.ഐ.വി ബാധിതനായ തന്റെ രോഗിയെ നോക്കാന്‍ വിസമ്മതിക്കുന്നതും, തൊഴിലാളിയായ എച്ച്.ഐ.വി രോഗിക്ക് കുറഞ്ഞ ശമ്പളം നല്‍കുന്നതും, ഒരു കായിക ടീമില്‍ നിന്നും ഒരുവനെ പുറത്താക്കുന്നതും ഒക്കെ കുറ്റകരമാണ്.

എയ്ഡ്സ് രോഗവുമായി ബന്ധപ്പെട്ട് പല തെറ്റിദ്ധാരണകളാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നത്. രോഗികള്‍ സാമൂഹ്യാരോഗ്യത്തിന് വലിയ ഭീഷണിയാണെന്ന് വിശ്വസിക്കുന്നവരുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത് എളുപ്പത്തില്‍ പകരുന്ന ഒരു രോഗമല്ല. എച്ച്.ഐ.വി ചികിത്സ തുടര്‍ന്നു കൊണ്ടിരിക്കുന്ന ആളുകള്‍, ഉള്ളിലെ വൈറസിന്‍റെ തോത് കുറവുള്ളവര്‍, കോണ്ടം ഉപയോഗിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കൊക്കെ ഈ രോഗം പകരാനുള്ള സാധ്യത വളരെ കുറവാണ്. ഗര്‍ഭിണിയായ അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് ഈ രോഗം പകരുന്നത് കൃത്യമായ ചികിത്സ കൊണ്ട് തടയാന്‍ സാധിക്കുന്നതാണ്. അതുപോലെത്തന്നെ എച്ച്.ഐ.വിയുടെ ചികിത്സ ഇന്നുവളരെ മെച്ചപ്പെട്ട നിലവാരത്തിലാണ് നടന്നുകൊണ്ടിരിക്കുന്നത്.

കൃത്യസമയത്ത് രോഗനിര്‍ണ്ണയം നടത്തുകയും ചികിത്സിക്കുകയും ചെയ്താല്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത ഏറെയാണ്. ഇത്തരത്തില്‍ രോഗബാധിതര്‍ക്ക് മെച്ചപ്പെട്ട ഒരു സാഹചര്യം ഒരുക്കിക്കൊടുക്കുവാനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇറങ്ങാനും നമ്മുടെ ബാധ്യതയെന്നോണം നമ്മള്‍ ശ്രമിക്കണം. ഈയൊരു സന്ദേശം തന്നെയാണ് എയ്ഡ്സ് ദിനം നമുക്ക് നല്‍കുന്നത്.

എയ്ഡ്സിനെ പിടിച്ചുകെട്ടാം

2030 ഓടെ ഈ രോഗത്തെ പൂര്‍ണ്ണമായും ലോകത്ത് നിന്ന് തുടച്ചുനീക്കാനാണ് ലോകാരോഗ്യ സംഘടന ശ്രമിക്കുന്നത്. ഡിസംബര്‍ 1 എല്ലാ വര്‍ഷവും ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. രോഗത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്താനും ജീവിച്ചിരിക്കുന്ന രോഗികളെ പിന്തുണക്കാനും മരിച്ചവരെ അനുസ്മരിക്കാനുമുള്ള ദിനമാണിത്. ഈ വര്‍ഷത്തെ തലക്കെട്ട് know your status എന്നാണ്. അഥവാ, രോഗനിര്‍ണ്ണയത്തെ ദ്രുതഗതിയിലാക്കാന്‍ പ്രോല്‍സാഹിപ്പിക്കുന്ന ഒന്നാണ് ഈ വര്‍ഷം തലക്കെട്ടായി എടുത്തിരിക്കുന്നത്.

നിലവില്‍ ഏതെങ്കിലും തരത്തില്‍ രോഗബാധയുണ്ട് എന്നറിഞ്ഞാല്‍ മാത്രമേ അനുബന്ധ ചികിത്സയുമായി മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളൂ. സമൂഹം കല്‍പ്പിക്കുന്ന ഭ്രഷ്ടും മറ്റുള്ളവര്‍ തന്നെക്കുറിച്ച് എന്ത് വിചാരിക്കും എന്ന നിലക്കുള്ള ആലോചനകള്‍ പലപ്പോഴും രോഗം കണ്ടെത്താന്‍ തന്നെ സാധിക്കാത്ത വിധത്തില്‍ പര്യവസാനിക്കുന്നു. തത്ഫലമായി കൂടുതല്‍ ആളുകളിലേക്ക് രോഗം പടരാനുള്ള സാധ്യത വര്‍ധിക്കുന്നു, അതുകൊണ്ടുതന്നെ ഇപ്രാവശ്യത്തെ എയ്ഡ്സ് ദിന തലക്കെട്ട് രോഗപ്രതിരോധ പ്രവര്‍ത്തനത്തിന് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്.

Tags:    

ഫഹദ് റഷീദ് - ഫഹദ് റഷീദ്

contributor

Similar News