'അമ്മ എന്‍റെ ആ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞിരുന്നില്ലെങ്കിൽ'... മാനസികാരോഗ്യത്തെ കുറിച്ച് ദീപിക പദുകോണ്‍
മാനസിക രോഗമുള്ളവര്‍ക്ക് കരുതല്‍ നല്‍കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് ദീപിക വിശദീകരിച്ചു
നടി ദീപിക പദുകോണ്‍ മാനസികാരോഗ്യ ബോധവൽക്കരണ പരിപാടികളില്‍ എന്നും സജീവമാണ്. തനിക്ക് വിഷാദം ബാധിച്ചിരുന്നുവെന്നും ആ രോഗത്തെ എങ്ങനെ മറികടന്നുവെന്നും ദീപിക തുറന്നുപറഞ്ഞിട്ടുണ്ട്. 'ലിവ് ലവ് ലാഫ്' എന്ന പേരില്‍ ഒരു കൂട്ടായ്മയും ദീപിക തുടങ്ങിയിട്ടുണ്ട്. മാനസിക രോഗികള്‍ക്ക് കരുതല്‍ നല്‍കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് ദീപിക വിശദീകരിച്ചു. ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിക്കവേ, അതുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ദീപിക. അമ്മ തന്‍റെ വിഷാദ രോഗത്തിന്‍റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞിരുന്നില്ലെങ്കിൽ, ഇന്ന് താന്‍ ഏത് അവസ്ഥയിലായിരിക്കുമെന്ന് അറിയില്ലെന്നും ദീപിക പറഞ്ഞു.
മാനസികാരോഗ്യത്തിൽ കുടുംബത്തിന്‍റെ പങ്കിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ദീപിക പറഞ്ഞതിങ്ങനെ- "വളരെ നിർണായകമാണ്. അതുകൊണ്ടാണ് എന്‍റെ അമ്മ ഇവിടെയുള്ളത്. അതുകൊണ്ടാണ് എന്‍റെ സഹോദരി ഇത്തരം പരിപാടികളില്‍ ഇത്ര ആവേശത്തോടെ പങ്കെടുക്കുന്നത്. മാനസിക രോഗമുള്ളവരുടെയും അവരെ പരിചരിക്കുന്നവരുടെയും വൈകാരികാവസ്ഥ ഒരുപോലെ പ്രധാനമാണ്. ഉദാഹരണത്തിന് എന്‍റെ രോഗലക്ഷണങ്ങള്‍ അമ്മ തിരിച്ചറിഞ്ഞില്ലായിരുന്നു എങ്കിൽ, പ്രൊഫഷണല്‍ സഹായം തേടാനുള്ള മനസാന്നിധ്യം അമ്മയ്ക്ക് ഇല്ലായിരുന്നുവെങ്കില്‍ ഞാൻ ഇന്ന് ഏത് അവസ്ഥയിലായിരിക്കും എന്ന് അറിയില്ല. ഡോക്ടർമാരുമായി സംസാരിച്ച് എന്‍റെ ചികിത്സ ഉറപ്പുവരുത്തി". 'ലിവ് ലവ് ലാഫ്' എന്ന ഫൌണ്ടേഷന്‍ മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ സഹായിക്കാൻ ലക്ഷ്യമിട്ടാണ് ദീപിക തുടങ്ങിയത്.
2015ലാണ് തനിക്ക് വിഷാദ രോഗം ബാധിച്ചിരുന്നുവെന്ന് ദീപിക വെളിപ്പെടുത്തിയത്. താന്‍ വിഷാദ രോഗം തിരിച്ചറിഞ്ഞത് എങ്ങനെയെന്ന് ദീപിക വിശദീകരിച്ചതിങ്ങനെ- "എന്റെ മാതാപിതാക്കൾ ബംഗളൂരുവിലാണ് താമസിക്കുന്നത്, അവർ എന്നെ സന്ദർശിക്കുമ്പോഴെല്ലാം, ഞാന്‍ സുഖമായിരിക്കുന്നു എന്ന രീതിയിലാണ് പെരുമാറിയിരുന്നത്. ഒരു ദിവസം അവർ ബംഗളൂരുവിലേക്ക് മടങ്ങവേ ഞാൻ പൊട്ടിക്കരഞ്ഞു. ആണ്‍സുഹൃത്താണോ ജോലിയിലെ പ്രശ്നങ്ങളാണോ മറ്റെന്തെങ്കിലുമാണോ കാരണമെന്ന് അമ്മ ചോദിച്ചു. എന്‍റെ കയ്യില്‍ ഉത്തരമില്ലായിരുന്നു. ഇതൊന്നുമല്ലായിരുന്നു കാരണം. തികച്ചും ശൂന്യമായ പോലെ.. അമ്മ തൽക്ഷണം അതു തിരിച്ചറിഞ്ഞു. അമ്മയെ ദൈവം എനിക്കായി അയച്ചതാണെന്ന് ഞാൻ കരുതുന്നു"
Summary- Deepika Padukone, who has been an active advocate of mental health awareness and battled depression in past, is currently in Tamil Nadu's Thiruvalllur, expanding her mental health foundation Live Love Laugh's rural community mental health program ahead of World Mental Health Day on October 10