നവജാത ശിശുക്കൾക്ക് തേൻ കൊടുക്കാമോ? ആരോഗ്യ വിദഗ്ധർക്ക് പറയാനുള്ളത്
12 മാസത്തിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് തേൻ നൽകുന്നതുമായി ബന്ധപ്പെട്ട ബോട്ടുലിസം എന്ന അവസ്ഥയുടെ അപകടങ്ങളെക്കുറിച്ച് നടി സോനം കപൂർ മുൻപ് സംസാരിച്ചിരുന്നു
തന്റെ കുഞ്ഞിന് തേൻ കൊടുക്കാത്തതിനെക്കുറിച്ചുള്ള സോനം കപൂറിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ഇടംപിടിച്ചിരുന്നു. കുഞ്ഞുങ്ങൾക്ക് തേൻ കൊടുക്കുന്നത് ഒരു ആചാരമാണെന്നും എന്നാൽ താരം ആചാരങ്ങൾ പാലിക്കുന്നില്ലെന്നും നിരവധിപേർ വിമർശിച്ചിരുന്നു. സോനത്തെ അനുകൂലിച്ചും ഒരുപാട് പേർ രംഗത്ത് വന്നിരുന്നു.
12 മാസത്തിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് തേൻ നൽകുന്നതുമായി ബന്ധപ്പെട്ട ബോട്ടുലിസം എന്ന അവസ്ഥയുടെ അപകടങ്ങളെക്കുറിച്ചാണ് സോനം സംസാരിച്ചത് . നമ്മുടെ ആചാരങ്ങൾക്ക് അനുസരിച്ച് നമ്മൾ ചെയ്യുന്ന ചില കാര്യങ്ങളുണ്ടെന്നും എന്നാൽ താൻ അത് ചെയ്യില്ലെന്നുമായിരുന്നു അവർ പറഞ്ഞത്.
എന്താണ് ബോട്ടുലിസം
12-ഓ 12 മാസത്തിൽ താഴെയോ പ്രായമുള്ള കുഞ്ഞുങ്ങളുടെ കുടലിൽ വിഷാംശം ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ക്ലോസ്‌ട്രിഡിയം എന്ന ബാക്ടീരിയ തേനിൽ അടങ്ങിയിട്ടുണ്ടെന്നാണ് ഗുരുഗ്രാമിലെ സികെ ബിർള ഹോസ്പിറ്റലിലെ നിയോനറ്റോളജി ആൻഡ് പീഡിയാട്രിക്‌സ് ഡോക്ടർ ശ്രേയ ദുബെ പറയുന്നത്. അതിനാൽ, തേൻ ഒരു രൂപത്തിലും കുഞ്ഞുങ്ങൾക്ക് നൽകരുതെന്നും ഇവർ നിർദേശിക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, "ക്ലോസ്ട്രിഡിയം ബോട്ടുലിനം ഒരു ബാക്ടീരിയയാണ്, ഇത് കുറഞ്ഞ ഓക്സിജൻ അവസ്ഥയിൽ അപകടകരമായ വിഷവസ്തുക്കളെ (ബോട്ടുലിനം ടോക്സിൻ) ഉത്പാദിപ്പിക്കുന്നു."
നവജാത ശിശുക്കൾക്ക് തേൻ നൽകുന്നതിന്റെ പാർശ്വഫലങ്ങൾ
ശുദ്ധീകരിക്കാത്തതോ സംസ്കരിക്കാത്തതോ ആയ തേൻ മൂലമുണ്ടാകുന്ന ന്യൂറോടോക്സിസിറ്റി ആത്യന്തികമായി പേശികളുടെ തളർച്ചയ്ക്ക് കാരണമാകുമെന്ന് ആകാശ് ഹെൽത്ത് കെയറിലെ ശിശുരോഗ വിദഗ്ധയായ ഡോ.മീന ജെ പറഞ്ഞു.
"ഇത് വളരെ ഗുരുതരമാണ്, കുഞ്ഞിന് ബൾബാർ പക്ഷാഘാതവും ചിലപ്പോൾ മരണവും സംഭവിക്കാം. മലബന്ധം, അലസത, ബലഹീനത, ഹൈപ്പോട്ടോണിയ എന്നിവയാണ് ഈ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ. ഇത് ക്രമേണ പക്ഷാഘാതത്തിന് കാരണമാകും. ചികിത്സിച്ചില്ലെങ്കിൽ ശ്വസനപ്രശ്‌നങ്ങളും ഒടുവിൽ മരണവും സംഭവിക്കാം,"- ഡോക്ടർ മീന ജെ പറഞ്ഞു.
ശിശു ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നതിനാൽ, തേൻ കഴിച്ചതിനുശേഷം കുടലിൽ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കളെ ചെറുക്കാനുള്ള പ്രതിരോധം ആ ഘട്ടത്തിൽ പൂർണമായി രൂപപ്പെടുന്നില്ല. ഇത് ദഹനപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഡോ സുരേഷ് കുമാർ പാനുഗന്തിയും പറഞ്ഞു. മുതിർന്നവരിലും 1 വയസ്സിനു ശേഷവും ഇതിൽ മാറ്റം വന്നേക്കാം.
വാസ്തവത്തിൽ, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് പ്രകാരം, നവജാതശിശുക്കൾക്ക് തേൻ, മൃഗങ്ങളുടെ പാൽ, ചായ, വെള്ളം, ഗ്ലൂക്കോസ് വെള്ളം തുടങ്ങിയ ദ്രാവകങ്ങളോ ഭക്ഷണമോ നൽകരുത്, ഇത് കുട്ടികളെ ദോഷകരമായി ബാധിക്കാം.
"കുട്ടികളുടെ കുടലുകളെ ഉത്തേജിപ്പിക്കാൻ തേൻ സഹായിക്കുമെന്നാണ് ആളുകൾ കരുതുന്നു, എന്നാൽ യഥാർത്ഥത്തിൽ, തേൻ ധാരാളം വെള്ളം വലിച്ചെടുക്കുകയും അയഞ്ഞ മലം ഉണ്ടാക്കുകയും ചെയ്യും" ഡോ അമിത് ഗുപ്ത പറഞ്ഞു
പാരമ്പര്യമനുസരിച്ച് ഇന്ത്യയുടെ പലഭാഗത്തും നവജാത ശിശുക്കൾക്ക് ആദ്യ ഭക്ഷണമായി തേൻ നൽകാറുണ്ട്. എന്നാൽ പഠനങ്ങൾ പറയുന്നതിനനുസരിച്ച് തേൻ, മൃഗങ്ങളുടെ പാൽ എന്നിവ കുഞ്ഞുങ്ങൾക്ക് നൽകരുത്. പകരം മുലപ്പാൽ ആയിരിക്കണം കുഞ്ഞുങ്ങൾക്ക് നൽകേണ്ടത്. കുഞ്ഞിന് ലാക്ടോസിന്റെ കുറവുണ്ടെങ്കിൽ മുലപ്പാൽ ഒഴികെയുള്ള ഏത് പാലും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധരും പഠനങ്ങളും സൂചിപ്പിക്കുന്നു.
ചില സംസ്കാരങ്ങളിൽ കുഞ്ഞ് ജനിക്കുമ്പോൾ ഒരു സ്വർണ മോതിരത്തിൽ തേൻ മുക്കി കുഞ്ഞിന്റെ ചുണ്ടിൽ തൊടാറുണ്ട്. ഗ്രാമപ്രദേശങ്ങളിൽ ഇത് ഒരു സാധാരണ സമ്പ്രദായമാണെങ്കിലും, ഇത് കുഞ്ഞിന് എത്രത്തോളം ദോഷകരമാണെന്ന് കണക്കിലെടുത്ത് ഇത്തരം ആചാരങ്ങൾ ഒഴിവാക്കണമെന്ന് ഡോക്ടർ മീന ജെ പറഞ്ഞു.
"തേൻ അല്ലെങ്കിൽ ആടിന്റെ പാൽ പോലുള്ളവ അല്ലെങ്കിൽ പ്രീ-ലാക്റ്റീരിയൽ ഭക്ഷണം നൽകുന്നത് പോലും കുഞ്ഞുങ്ങളിൽ ഗുരുതരമായ പാർശ്വഫലങ്ങൾക്ക് കാരണമാകും. ആദ്യ ദിവസങ്ങളിൽ മുലപ്പാൽ കുഞ്ഞിന് ഏറ്റവും മികച്ച ഭക്ഷണമാണ്. കുഞ്ഞിന്റെ ആരോഗ്യത്തിന് മുലപ്പാൽ നൽകുന്നതാണ് ഉത്തമം," ഡോക്ടർ മീന.ജെ പറഞ്ഞു .