വെള്ളം കുടിക്കുന്നത് കൂടിയാൽ എന്താണ് സംഭവിക്കുക ?, ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക
ശരീരത്തിൽ വെള്ളം കുറഞ്ഞുപോയാലോ എന്ന് ഭയന്ന് ചിലർ അമിതമായി വെള്ളം കുടിക്കും
മനുഷ്യശരീരത്തിൽ 60 ശതമാനം വെള്ളമാണെന്ന് നമുക്ക് അറിയാം. ശരീരത്തിന്റെ ദൈനംദിന പ്രവർത്തങ്ങൾക്ക് വെള്ളം അത്യാവശ്യമാണ്. ദഹനം, സർക്കുലേഷൻ, പോഷകങ്ങൾ ശരീരത്തിന്റെ വിവിധ ഭാഗത്തേക്ക് എത്തിക്കുക, ശരീരതാപം നിലനിർത്തുക എന്നിവ വെള്ളത്തിന്റെ ജോലികളാണ്. അതുകൊണ്ട് തന്നെ നാം ആവശ്യത്തിന് വെള്ളം കുടിക്കണം. വെള്ളം കുടി കുറയുന്നത് ഡീ ഹൈഡ്രേഷനിലേക്ക് വഴി തെളിക്കും. എന്നാൽ ശരീരത്തിൽ വെള്ളം കുറഞ്ഞുപോയാലോ എന്ന് ഭയന്ന് ചിലർ അമിതമായി വെള്ളം കുടിക്കും. ഇത് ശരീരത്തെ ഓവർ ഹൈഡ്രേറ്റഡ് അവസ്ഥയിൽ എത്തിക്കും. ഇത് ശരീരത്തിന് ദോഷമാണ്.
നിങ്ങളുടെ ശരീരത്തിൽ ജലാംശം കൂടുതലാണോ എന്ന് ശരീരം തന്നെ നിങ്ങൾക്ക് പറഞ്ഞ് തരും. മൂത്രത്തിന്റെ നിറം ഇളം മഞ്ഞ നിറമാണ്. എന്നാൽ ചിലപ്പോൾ നിറമില്ലാത്ത അവസ്ഥയിലേക്ക് പോകാം. അതിനർത്ഥം നിങ്ങളുടെ ശരീരത്തിൽ ആവശ്യത്തിൽ കൂടുതൽ വെള്ളം ഉണ്ടെന്നാണ്. വെള്ളം കുടിക്കുന്നത് കൂടുതലാണെങ്കിൽ ഇടയ്ക്കിടെ മൂത്രം ഒഴിക്കാൻ തോന്നും.കടുത്ത മഞ്ഞ നിറമാണെങ്കിൽ വെള്ളം കുടിക്കുന്നത് കുറവാണെന്നാണ് അർത്ഥം.
ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിൽ ആവശ്യത്തിലധികം ജലാംശം ഉണ്ടാക്കും. ഇത് തലവേദന, പേശി വീക്കം, ക്ഷീണം എന്നിവയ്ക്ക് കാരണമാകും. അധികവെള്ളം ശരീരത്തിലെ സോഡിയം ലെവൽ താഴ്ന്ന് പോകുന്നതിന് കാരണമാകും.ആരോഗ്യമുള്ള വ്യക്തി 9 മുതൽ 13 ഗ്ലാസ് വെള്ളം കുടിച്ചാൽ മതിയെന്നാണ് പറയപ്പെടുന്നത്. കാലാവസ്ഥ, ആരോഗ്യം, എന്നിവയനുസരിച്ച് ഈ അളവിൽ മാറ്റം വരും. നമ്മുടെ ശരീരത്തിൽ ഭക്ഷണം, ചായ പോലുള്ളവ വഴിയും ജലാംശം എത്തുന്നുണ്ട് എന്നകാര്യം മറക്കാതിരിക്കുക.