രാജ്യത്തുടനീളം കുടിവെള്ളത്തിൽ ഉയർന്ന തോതിൽ വിഷ രാസവസ്തുക്കൾ കണ്ടെത്തിയതായി റിപ്പോർട്ട്
വിഷ രാസവസ്തുക്കളുടെ സാന്നിധ്യം നിശ്ചിത പരിധിയേക്കാൾ 29 മുതൽ 81 മടങ്ങ് വരെ കൂടുതലാണെന്ന് കണ്ടെത്തി
ഇന്ത്യയിൽ ഉപയോഗിക്കുന്ന കുടിവെള്ളത്തിൽ ഉയർന്ന അളവിൽ വിഷ രാസവസ്തുക്കൾ കണ്ടെത്തിയതായി പഠനം. കീടനാശിനികളിലും ലൂബ്രിക്കറ്റിംഗ് ഓയിൽ അഡിറ്റീവുകളിലും ഫോർമുലന്റായി ഉപയോഗിക്കുന്ന 'നോനൈൽഫെനോൾ'ന്റെ കൂടിയ സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്.
കുടിവെള്ളത്തിലെ വിഷ രാസവസ്തുക്കളുടെ സാന്നിധ്യം നിശ്ചിത പരിധിയേക്കാൾ 29 മുതൽ 81 മടങ്ങ് വരെ കൂടുതലാണെന്ന് കണ്ടെത്തി.
പഠനത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുടിവെള്ള സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇങ്ങനെ ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്കായി ന്യൂഡൽഹിയിലെ ശ്രീറാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ റിസർച്ചിലേക്ക് അയച്ചു.
റിപ്പോർട്ട് പ്രകാരം ബത്തിൻഡയിൽ നിന്നും ശേഖരിച്ച കുഴൽകിണറിലെ വെള്ളത്തിലാണ് നോനൈൽഫെനോളിന്റെ ഏറ്റവും ഉയർന്ന സാന്ദ്രത കണ്ടെത്തിയത്.
നോനൈൽഫെനോൾ
നോനൈൽഫെനോൾ മനുഷ്യന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന രാസവസ്തുമാണ്. ഇത് ദിനംപ്രതി മനുഷ്യന്റെ ശരീരത്തിലെത്തുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. 2019 ലെ പഠനത്തിൽ ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന ഡിറ്റർജന്റുകളിൽ 11.92%മാണ് നോനൈൽഫെനോളിന്റെ സാന്നിധ്യം കണ്ടെത്തിയത്.
ജലാശയങ്ങളിലേക്കും പരിസ്ഥിതിയുടെ മറ്റുഭാഗങ്ങളിലേക്കും നോൺലിഫെനോൾ പുറംതള്ളുന്നത് തടയുന്നതിനായി ഡിറ്റർജന്റുകളിലും മറ്റ് ഉപഭോക്തൃ ഉൽപ്പന്നങ്ങളിലുമുള്ള നോൺലിഫെനോളിന്റെ സാന്നിധ്യം കുറക്കണം. എന്നാൽ ഇത്തരത്തിൽ ഒരു നിയന്ത്രണവും നിലവിൽ രാജ്യത്തില്ല.
യുഎസ്, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ ഈ രാസവസ്തുവിന്‌റെ അപകട സാധ്യതകൾ അംഗീകരിച്ചിട്ടുണ്ട്.
കുടിവെള്ളത്തിൽ നോനൈൽഫെനോളിന്റെ സാന്നിധ്യം മനുഷ്യന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തി സുരക്ഷിതമായ കുടിവെള്ളം ഉറപ്പുവരുത്തണമെന്നും ടോക്‌സിക്‌സ് ലിങ്ക് അസോസിയേറ്റ് ഡയറക്ടർ സതീഷ് സിൻഹ പറഞ്ഞു.