കണ്ണിലുണ്ട് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ.... അറിയാം, അവഗണിക്കാതിരിക്കാം !
കണ്ണിന്റെ പുറകിലുള്ള റെറ്റിന വാസ്‌കുലേച്ചർ എന്ന രക്തധമനികളുടെ കൂട്ടം ഹൃദയാരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു
മുഖം മനസ്സിന്റെ കണ്ണാടിയാണെന്ന് പറയാറുണ്ട്. മനസ്സിലെന്തുണ്ടെങ്കിലും മുഖത്ത് അറിയാം എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.
എന്നാൽ ഹൃദയാരോഗ്യം നല്ലതാണോ അല്ലയോ എന്ന് മുഖത്തറിയാമോ? അറിയാം- കണ്ണിലേക്ക് നോക്കിയാൽ മതിയെന്നാണ് വിദഗ്ധർ പറയുന്നത്. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ പെട്ടെന്ന് പ്രകടമാകുന്ന അവയവമാണ് കണ്ണ്.
ഈ ലക്ഷണങ്ങൾ എത്രയും നേരത്തേ കണ്ടെത്തി വേണ്ട ചികിത്സ തേടിയാൽ ഒരുപക്ഷേ ജീവൻ തന്നെ രക്ഷിക്കാനാവും.
കണ്ണ് പ്രകടിപ്പിക്കുന്ന ഈ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കുന്നതിന് മുമ്പ് എന്തൊക്കെയാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നതെന്നും ഇവ എങ്ങനെയൊക്കെയാണ് കണ്ണ് അടക്കമുള്ള മറ്റ് അവയവങ്ങളെ ബാധിക്കുന്നതെന്നും മനസ്സിലാക്കാം...
ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുമ്പോൾ ഹൃദയം അതിന്റെ പ്രവർത്തനം നിർത്തുന്നതാണ് ഹൃദയാഘാതം. ഉയർന്ന കൊളസ്‌ട്രോൾ, രക്തസമ്മർദം എന്നിവയൊക്കെയാണ് പൊതുവേ ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്. പ്ലാക്ക് എന്ന് വിളിക്കുന്ന ഒരു തരം വസ്തു ധമനികളിൽ അടിഞ്ഞു കൂടുന്ന അഥിറോസ്‌കളീറോസിസ് എന്ന അവസ്ഥയാണ് ഹൃദയാഘാതത്തിനാധാരം. കണ്ണിന്റെ പുറകിലുള്ള റെറ്റിന വാസ്‌കുലേച്ചർ എന്ന രക്തധമനികളുടെ കൂട്ടം ഹൃദയാരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെയാണ് ഹൃദയത്തിന്റെ ആരോഗ്യം കണ്ണിൽ പ്രകടമാകും എന്ന് പറയുന്നതും...
ഇനി കണ്ണ് പ്രകടിപ്പിക്കുന്ന ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...
കാഴ്ചശക്തി നഷ്ടപ്പെടൽ
ഹൃദയാഘാതത്തിന്റെ അധികമാരും അറിയാത്ത ഒരു ലക്ഷണമാണ് കാഴ്ചശക്തി നഷ്ടപ്പെടുക എന്നത്. അമൗറോസിസ് ഫ്യൂഗാക്‌സ് എന്നത് കാഴ്ചശക്തി പൂർണമായോ ഭാഗികമായോ നഷ്ടപ്പെടുന്ന അവസ്ഥയാണ്. മുപ്പത് മിനിറ്റോ അതിലധികമോ കണ്ണ് കാണാൻ കഴിയാതെ വന്നേക്കാം. പൊടുന്നനെ അപ്രതീക്ഷിതമായി കാഴ്ചശക്തി നഷ്ടപ്പെടുകയാണെങ്കിൽ എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം.
കണ്ണിൽ മഞ്ഞനിറം
നേത്രപടലത്തിന് ചുറ്റുമായി മഞ്ഞനിറം കാണപ്പെടുന്നത് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. മാക്യുലക്ക് താഴെ കൊഴുപ്പ് അടിഞ്ഞുകൂടിയാണ് ഈ മഞ്ഞനിറമുണ്ടാവുക.
കോർണിയക്ക് ചുറ്റും വളയം
കോർണിയക്ക് ചുറ്റും വളയം പ്രത്യക്ഷപ്പെടുന്നത് ഹൃദയാഘാതത്തിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ്. ഹൃദയാഘാതമുണ്ടാകുന്നതിന് തൊട്ടുമുമ്പാണ് ഇത് പ്രധാനമായും കാണപ്പെടുക. ആർക്കസ് സിനൈലിസ് എന്നാണ് ഈ അവസ്ഥയ്ക്ക് പേര്. കണ്ണിൽ പൊടുന്നനെ ഈ വളയങ്ങൾ പ്രത്യക്ഷപ്പെടുകയാണെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണാൻ മടിക്കണ്ട.
റെറ്റിനയിൽ നിറംമാറ്റം
നേത്രപടലത്തിന്റെ നിറം പെട്ടെന്ന് മാറുന്നതും ഹൃദയാരോഗ്യം അത്ര നല്ല അവസ്ഥയിലല്ല എന്ന് സൂചിപ്പിക്കുന്ന ലക്ഷണമാണ്.
കണ്ണിലെ ധമനികളുടെ തകരാർ
വളരെ നേർത്ത രക്തധമനികളാണ് കണ്ണിനുള്ളിലേത്. ഇവയ്‌ക്കേൽക്കുന്ന ക്ഷതവും ഹൃദയാരോഗ്യം അത്ര പന്തിയല്ല എന്ന മുന്നറിയിപ്പ് നൽകുന്നു.
റെറ്റിനയുടെ വലിപ്പം
വരാനിരിക്കുന്ന ഹൃദയാഘാതത്തിന് റെറ്റിനയുടെ വലിപ്പം പരിശോധിച്ചാൽ മതിയെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്. റെറ്റിനയിലെ ആർട്ടറി വെയ്‌നിനേക്കാൾ ഒരുപാട് ചെറുതായാലോ വെയ്ൻ ഏറെ വികസിച്ചാലോ അത് ഹൃദയാരോഗ്യം അത്ര നല്ലതല്ല എന്ന് സൂചിപ്പിക്കുന്നു.