വിട്ടുമാറാത്ത നടുവേദനയുടെ കാരണം 'പിന്നിൽ' തന്നെയുണ്ട്; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
ഫുഡ് ഡെലിവറി ചെയ്യുന്ന ആളുകളിലാണ് ഈ പ്രശ്നം നിലവിൽ കൂടുതലായി കണ്ടുവരുന്നത്
നിത്യജീവിതത്തിൽ ഭൂരിഭാഗം ആളുകളും നേരിടുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് നടുവേദന. കൗമാരക്കാർ മുതൽ പ്രായമായവരിൽ വരെ ഇത് അനുഭവപ്പെടാം. നടുവേദനക്കൊപ്പം കഴുത്ത് വേദന കൂടി നേരിടുന്നുണ്ടെങ്കിൽ വില്ലൻ 'പിന്നിൽ' തന്നെയുണ്ടാകാം. ദിവസേന ഉപയോഗിക്കുന്ന ബാഗ് ആകും പ്രശ്നക്കാരൻ.
ബാഗ് ഉപയോഗിക്കുമ്പോൾ അതിന്റെ ഭാരം എത്രയെന്ന് മനസിലാക്കുക വളരെ പ്രധാനമാണ്. ചുമക്കാൻ കഴിക്കുന്നതിനേക്കാൾ കൂടുതൽ ബാഗിൽ നിറക്കുന്നത് നടുവേദന മതമല്ല മറ്റ് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കിയേക്കും. ഇത്തരം ഭാരമേറിയ ബാഗുകൾ നട്ടെല്ല് വളയുന്നതിന് ഇടയാക്കും. ഫുഡ് ഡെലിവറി ചെയ്യുന്ന ആളുകളിലാണ് ഈ പ്രശ്നം നിലവിൽ കൂടുതലായി കണ്ടുവരുന്നതെന്ന് ന്യൂഡൽഹിയിലെ പിഎസ്ആർഐ ഹോസ്പിറ്റലിലെ ഡോക്ടർ കദം നാഗ്പാൽ പറയുന്നു.
25 മുതൽ 30 കിലോ വരെ ഭാരമാണ് ഫുഡ് ഡെലിവറി ചെയ്യുന്ന ആളുകൾ തോളിൽ ചുമക്കുന്നത്. ഇത് നട്ടെല്ലിനെ മാത്രമല്ല ഹൃദയാരോഗ്യത്തെയും സാരമായി ബാധിക്കുമെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി.
ശ്രദ്ധിക്കേണ്ടത്..
ഒരു തോളിൽ മാത്രം ബാഗിടുന്നത് അപകടമാണ്. രണ്ടുതോളിലും ബാലൻസ് ചെയ്‌ത് വേണം ബാഗ് ധരിക്കാൻ. ഇടക്കിടക്ക് ബാഗ് തോളിൽ നിന്ന് ഇറക്കിവെച്ച് അല്പം വിശ്രമം നൽകുന്നത് നല്ലതാണ്. കഠിനമായ നടുവേദന രണ്ടുദിവസം മുതൽ രണ്ടാഴ്ച വരെ നീണ്ടുനിന്നേക്കും. ഒരു ഭാഗത്ത് വീക്കമുണ്ടാകാനും ഇത് കാരണമാകും.
വിട്ടുമാറാത്ത നടുവേദന രണ്ടുമാസം വരെ അനുഭവപ്പെടുന്ന രോഗികളുണ്ട്. ഇവർ ഭാരമേറിയ സാധനങ്ങൾ ഉപയോഗിക്കരുതെന്നാണ് പ്രധാനമായും ഡോക്ടർമാർ നിർദ്ദേശിക്കുന്നു. ജിമ്മിൽ പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.
ജോലിസ്ഥലത്തോ വീടുകളിലോ മറ്റോ കംപ്യൂട്ടർ ഏറെ നേരം ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണം. ഇവർക്ക് ഇരുത്തമാണ് അപകടമാകുന്നത്. ശരിയായ രീതിയിലാണോ ഇരിക്കുന്നതെന്ന് ശ്രദ്ധിക്കണം. നീണ്ടുനിവർന്ന വേണം ഇരിക്കാൻ. തലയണ പോലെയുള്ള എന്തെങ്കിലും പുറകിൽ വെക്കുന്നത് ഗുണംചെയ്യും. ഇവർ ഭാരമുള്ള ബാഗുകൾ പൂർണമായും ഒഴിവാക്കണം. വിട്ടുമാറാത്ത നടുവേദന നേരിടുന്നവർ ഫിസിയോതെറാപ്പി സെഷനുകളിലേക്ക് കടക്കണമെന്നും ഡോക്ടർ നിർദേശിച്ചു.