നേസൽ വാക്‌സിനും വിജയം; ഇന്ത്യയുടെ വാക്‌സിൻ വിപണി 252 ബില്യണിലേക്ക്

ആരോഗ്യ സംരക്ഷണത്തിൽ ഇന്ത്യയുടെ മഹത്തായ കഴിവുകൾ ലോകം കൂടുതലായി മനസിലാക്കി കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു

Update: 2023-04-30 14:00 GMT
Editor : banuisahak | By : Web Desk
Advertising

ഡൽഹി: ആഗോള തലത്തിൽ തന്റേതായ ഇടം നേടിയ ഇന്ത്യൻ വാക്‌സിൻ വിപണി 2025ഓടെ 252 ബില്യൺ രൂപയിലെത്തുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. യുകെയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ മന്ത്രി, ബയോടെക് സ്റ്റാർട്ടപ്പുകൾ, വാക്‌സിൻ വികസനം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും യുകെയും തമ്മിൽ വിപുലമായ സഹകരണത്തിനും ആഹ്വാനം ചെയ്തു.

പ്രതിരോധ ആരോഗ്യ സംരക്ഷണത്തിൽ ഇന്ത്യയുടെ മഹത്തായ കഴിവുകൾ ലോകം കൂടുതലായി മനസിലാക്കി കൊണ്ടിരിക്കുകയാണെന്നും രാജ്യം ഇപ്പോൾ നിരവധി വാക്സിനുകൾ വികസിപ്പിക്കുന്ന പ്രക്രിയയിലാണെന്നും ലണ്ടൻ സയൻസ് മ്യൂസിയം പര്യടനത്തിനിടെ മന്ത്രി പറഞ്ഞു. ആദ്യത്തെ നേസൽ വാക്‌സിൻ നിർമാണം വിജയകരമായി നിർമ്മിച്ചതായി അദ്ദേഹം പറഞ്ഞു. ഹ്യൂമൻ പാപ്പിലോമ വൈറസുമായി (എച്ച്പിവി) ബന്ധപ്പെട്ട ഒരു വാക്സിൻ സെർവിക്കൽ ക്യാൻസർ തടയാൻ സഹായിച്ചതായി ഞായറാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ മന്ത്രി വ്യക്തമാക്കിയിരുന്നു. 

ലോകത്തിലെ പ്രധാന ജൈവ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണ്. നൂതന സാങ്കേതികവിദ്യയുടെ കാര്യത്തിലും വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. വെറും രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യ വികസിപ്പിച്ചെടുത്തത് നാല് തദ്ദേശീയ വാക്സിനുകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മിഷൻ കോവിഡ് സുരക്ഷ വഴി ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിലെ ബയോടെക്‌നോളജി ഡിപ്പാർട്ട്‌മെന്റ് (ഡിബിടി) നാല് വാക്സിനുകൾ വിതരണം ചെയ്തു. 

ഒപ്പം കോവാക്സിൻ നിർമ്മാണം വർധിപ്പിക്കുകയും ഭാവിയിൽ കൂടുതൽ വാക്സിനുകളുടെ സുഗമമായ വികസനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,874 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 49,015 സജീവ കേസുകളാണുള്ളത്. 25 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,148 പേർ രോഗമുക്തി നേടി. ഇതോടെ ഇതുവരെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 4,43,64,841 ആയി.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News