തണുപ്പുകാലമാണ്.. വൈറൽ രോഗങ്ങൾ പിന്നാലെയെത്തും; കുട്ടികൾക്കായി കരുതലെടുക്കാം

തണുപ്പ് കാലത്ത് ജലദോഷം, തൊണ്ടവേദന, ചെവിയിലെ അണുബാധ എന്നിവ കുട്ടികളിൽ സാധാരണയാണ്

Update: 2022-11-08 14:45 GMT
Editor : banuisahak | By : Web Desk
Advertising

ജലദോഷം അത്ര കാര്യമാക്കേണ്ടതുണ്ടോ... അത് കുട്ടികളിൽ ആണെങ്കിൽ അത്ര നിസാരമാക്കി തള്ളി കളയേണ്ടതില്ല. മഞ്ഞുകാലം എത്തുകയാണ്. കുട്ടികൾക്ക് അധിക ശ്രദ്ധ നൽകേണ്ട സമയമാണ്. വൈറൽ രോഗങ്ങൾ കറങ്ങി നടക്കുന്നതിനാൽ ചെറിയ അസുഖം പോലും വരാതെ കുട്ടികളെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. തണുപ്പ് കാലത്ത് ജലദോഷം, തൊണ്ടവേദന, ചെവിയിലെ അണുബാധ എന്നിവ കുട്ടികളിൽ സാധാരണയാണ്. ഇത്തരം അസുഖങ്ങളെ പ്രതിരോധിക്കുന്നതിന് അല്പം ജാഗ്രത ഇപ്പോഴേ ആയാലോ.. 

വസ്ത്രധാരണത്തിൽ വേണം ശ്രദ്ധ 

സാധാരണ ധരിക്കുന്ന വസ്ത്രങ്ങൾ തണുപ്പിൽ നിന്ന് സംരക്ഷണം നല്കണമെന്നില്ല. തലയും നെഞ്ചും മറഞ്ഞിരിക്കുന്ന വസ്ത്രങ്ങൾ വേണം കുട്ടികൾക്ക് ധരിപ്പിക്കാൻ. കുഞ്ഞുങ്ങളുടെ ശരീരത്തിൽ ചൂട് നിലനിർത്തുന്നതിന് ഇത് സഹായകമാണ്. ഫുൾസ്ലീവ്, മുഴുനീള പാന്റ്സ് എന്നിവ കുട്ടികളെ ധരിപ്പിക്കാൻ മറക്കരുത്. 

വൃത്തി തന്നെയാണ് പ്രധാനം 

അസുഖങ്ങളെ തുരത്താനുള്ള പ്രധാന വഴി വൃത്തി തന്നെയാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം കുട്ടികൾ കൈകാര്യം ചെയ്യുന്ന സാധനങ്ങളും അണുവിമുക്തമാക്കണം. വസ്‌ത്രങ്ങൾ, സോക്‌സ്, കളിപ്പാട്ടങ്ങൾ, സ്‌കൂൾ ബാഗുകൾ തുടങ്ങിയ സാധനങ്ങൾ ഉണക്കി വൃത്തിയായി സൂക്ഷിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും വേണം.

കൃത്യമായിരിക്കണം ഭക്ഷണം 

കുട്ടികളുടെ ആരോഗ്യം നിലനിർത്താൻ സമീകൃതമായ ഭക്ഷണക്രമം അത്യാവശ്യമാണ്. കുട്ടികൾ കഴിക്കുന്ന ഭക്ഷണം അവരുടെ രോഗപ്രതിരോധത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. അതിനാൽ, ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ പഴങ്ങളും പച്ചക്കറികളും, മസാലകൾ അടങ്ങിയ ഭക്ഷണങ്ങളും നൽകാൻ ശ്രദ്ധിക്കുക. 

വെള്ളം കുടിക്കുന്നുണ്ടോ? 

തണുപ്പുകാലത്ത് നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നത്. വേനൽക്കാലത്ത് ക്ഷീണം തോന്നി ഇടയ്ക്കിടെ വെള്ളം കുടിക്കുമെങ്കിൽ ശൈത്യകാലത്ത് നേരെ തിരിച്ചാണ് കാര്യങ്ങൾ. എന്നാൽ, അന്തരീക്ഷ ഊഷ്മാവ് കുറയുന്നതിന്റെ ഫലമായി ശരീരത്തിന്റെ സാധാരണ താപനില ഉയരുന്നതിനാൽ ശൈത്യകാലത്ത്  നിർജ്ജലീകരണം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. അതിനാൽ, കുട്ടികൾക്ക് ധാരാളം വെള്ളം നൽകുക. പഴങ്ങൾ ജ്യൂസാക്കി നൽകുന്നതും സൂപ്പ് പോലെയുള്ളവ നൽകുന്നതും നല്ലതാണ്. 

നന്നായി ഉറങ്ങണം 

ഭക്ഷണവും വെള്ളവും പോലെ തന്നെ പ്രധാനമാണ് കൃത്യസമയത്തെ ഉറക്കം. കുട്ടികൾക്ക് വേണ്ടത്ര ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. മതിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ അത് രോഗപ്രതിരോധ സംവിധാനത്തെ ദോഷകരമായി ബാധിക്കും. ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങളിലും ഹൃദയമിടിപ്പ്, ശരീര താപനില, ല്യൂക്കോസൈറ്റ്, സൈറ്റോകൈൻ ഉൽപ്പാദനം എന്നിവയുൾപ്പെടെയുള്ള രോഗപ്രതിരോധ പാരാമീറ്ററുകളിലും ഉറക്കം സ്വാധീനം ചെലുത്തുന്നുണ്ട്. 

'അതിമധുരം' വേണ്ട 

തണുപ്പുകാലത്ത് മധുരമുള്ള ഭക്ഷണങ്ങൾ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. കുട്ടികളുടെ രോഗപ്രതിരോധ സംവിധാനത്തെ ഇത് ദോഷകരമായി ബാധിക്കും. ഭക്ഷണത്തിൽ ധാരാളം പഞ്ചസാര ഉപയോഗിക്കുന്ന കുട്ടികൾക്ക് പനി, ജലദോഷം, മറ്റ് രോഗങ്ങൾ എന്നിവ പിടിപെടാനുള്ള സാധ്യത കൂടുതലാണ്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News