മുഖക്കുരുവും പാടുകളും അകറ്റി തിളക്കമുള്ള ചർമം സ്വന്തമാക്കാം; ഈ പഴങ്ങൾ സഹായിക്കും
വിറ്റാമിൻ-സി അടങ്ങിയ പഴങ്ങൾ ദിവസവും കഴിക്കുന്നത് ഉത്തമമാണ്.
ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് ചർമത്തിന്റെയും ആരോഗ്യം. എണ്ണമയം, അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ, മൃതകോശങ്ങൾ എന്നിവ നമ്മുടെ ചർമത്തിന് ഭീഷണിയാണ്. ഫേസ്‌പാക്കുകളും ക്രീമുകളും പുറമേയുള്ള ഭംഗി നൽകുമെങ്കിലും അത് പലരിലും അധികകാലം നീണ്ടുനിൽക്കാറില്ല. ചർമത്തിനുള്ളിലെ ആരോഗ്യം സംരക്ഷിക്കുകയാണ് ഇതിനൊരു പോംവഴി.
ചർമത്തിന് പ്രയോജനകരമായ ഭക്ഷണം കഴിക്കുക എന്നതാണ് പ്രധാനം. പോഷകാഹാര വിദഗ്ധർ പഴങ്ങൾ കഴിക്കാനാണ് നിർദേശിക്കുന്നത്. എന്നാൽ, ഏതൊക്കെ പഴങ്ങളാണ് കൂടുതൽ ഫലപ്രദമാവുകയും വളരെ പെട്ടെന്ന് തന്നെ പ്രയോജനം ചെയ്യുകയും ചെയ്യുന്നത് എന്നത് എല്ലാവരിലും നിലനിൽക്കുന്ന സംശയമാണ്.
ചർമത്തിന്റെ ആരോഗ്യവുമായി കുടലിന്റെ ആരോഗ്യത്തിന് ബന്ധമുണ്ട്. നമ്മുടെ കുടൽ ആരോഗ്യമുള്ളതാണെങ്കിൽ ശരീരം മുഴുവൻ ആരോഗ്യമുള്ളതാവുകയും മനസ് ശാന്തമാവുകയും പ്രതിരോധശേഷി വർധിക്കുകയും ചെയ്യും. സ്വാഭാവികമായും ഇത് ചർമത്തിന് ആരോഗ്യവും തിളക്കവും നൽകാൻ സഹായിക്കുകയും ചെയ്യും.
ക്രോ ന്യൂട്രിയന്റുകൾ, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ് പഴങ്ങൾ. എല്ലാത്തരം പഴങ്ങളിലും ഏതാണ്ട് തുല്യ അളവിലുള്ള ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും അവയുടെ പ്രവർത്തനം സുഗമമാക്കാനും ചർമസംരക്ഷണത്തിനും ആരോഗ്യവിദഗ്ധർ നിർദേശിക്കുന്ന പഴങ്ങൾ ഇവയൊക്കെയാണ്:-
1. പപ്പായ
ഏത് സീസണിലും ലഭ്യമായ ഒന്നാണ് പപ്പായ. പിഗ്മെന്റേഷൻ, വരൾച്ച എന്നിവയിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന പോഷകങ്ങൾ പപ്പായയിൽ സുലഭമാണ്.
പപ്പായയിലുള്ള കൊളാജൻ ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുന്നു, അങ്ങനെ ചുളിവുകളും വാർദ്ധക്യത്തിന്റെ മറ്റ് ലക്ഷണങ്ങളും കുറക്കുന്നു. വൈറ്റമിൻ എ, സി എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ, ഇത് സൺ ടാൻ നീക്കം ചെയ്യാനും ചർമ്മത്തിന്റെ നിറം വർധിപ്പിക്കാനും സഹായിക്കുന്നു.
ദിവസവും ഒരു ചെറിയ കഷ്ണം പപ്പായ കഴിക്കുക. ഒരു കഷ്ണം പപ്പായ പൊടിച്ച് മുഖത്ത് പുരട്ടി പത്ത് മിനിറ്റിന് ശേഷം കഴുകി കളയുന്നത് ചർമത്തിന് തിളക്കമേകാൻ സഹായിക്കും.
2. തണ്ണിമത്തൻ
വിറ്റാമിൻ എ, സി, ഇ എന്നിവക്കൊപ്പം ഉയർന്ന അളവിൽ ജലാംശം അടങ്ങിയ തണ്ണിമത്തൻ ചർമത്തിന്റെ ജലാംശം നിലനിർത്താൻ സഹായിക്കും. തണ്ണിമത്തനിലെ ലൈക്കോപീൻ ചർമ്മത്തെ ദോഷകരമായ സൂര്യരശ്മികളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.
തണ്ണിമത്തന്റെ തൊലിയും ഒരുപോലെ ഫലം ചെയ്യും. തണ്ണിമത്തന്റെ തൊലി മുറിച്ച് ഫ്രിഡ്ജിൽ വെക്കുക. ഐസ് ക്യൂബിന്റെ രൂപത്തിലാക്കി ഇത് 15 മിനിറ്റ് നേരം മുഖത്ത് വെക്കുന്നത് നല്ലതാണ്.
3.വാഴപ്പഴം
വാഴപ്പഴത്തിൽ പൊട്ടാസ്യം, മാംഗനീസ്, കാൽസ്യം, വിറ്റാമിനുകൾ (C, B6, B12), ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല, മുടിയുടെ ഘടന വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഏത്തപ്പഴത്തിൽ പ്രകൃതിദത്ത എണ്ണകൾ അടങ്ങിയിട്ടുണ്ട്, ഇത് എക്സിമ, സോറിയാസിസ് തുടങ്ങിയ ചർമ്മപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ബയോട്ടിൻ കോശവിഭജന പ്രക്രിയയെ വേഗത്തിലാക്കുന്നു, അങ്ങനെ മുഖക്കുരു, പാടുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഭക്ഷണത്തിനൊപ്പം എല്ലാ ദിവസവും ഒരു വാഴപ്പഴം, അല്ലെങ്കിൽ ഏത്തപ്പഴം ഉൾപ്പെടുത്തുന്നത് നല്ലതാണ്.
4.പൈനാപ്പിൾ
ധാതുക്കൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ നിറഞ്ഞ പഴമാണ് പൈനാപ്പിൾ. ഇതിൽ അടങ്ങിയിരിക്കുന്ന എൻസൈം ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ പുതുക്കുന്നതിനും ചർമ കോശങ്ങളുടെ പുനരുജ്ജീവന പ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.
ആരോഗ്യമുള്ള ചർമം ലഭിക്കാൻ ദിവസത്തിൽ രണ്ട് തരം പഴങ്ങളെങ്കിലും നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. വിറ്റാമിൻ-സി അടങ്ങിയ പഴങ്ങൾ ദിവസവും കഴിക്കുന്നത് ഉത്തമമാണ്.