രാവിലെ എഴുന്നേറ്റ ഉടനെ ഫോൺ നോക്കാറുണ്ടോ ..? എങ്കില്‍ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം
ഏകദേശം 80 ശതമാനം സ്മാർട്ട്ഫോൺ ഉപയോക്താക്കളും രാവിലെ ഉറക്കമുണർന്ന് 15 മിനിറ്റിനുള്ളിൽ മൊബൈൽ ഫോൺ പരിശോധിക്കുന്നവരാണെന്നാണ് പഠനങ്ങൾ പറയുന്നത്
ഭക്ഷണവും വെള്ളവും ഇല്ലാതെ വേണമെങ്കിൽ ജീവിക്കാം..പക്ഷേ ഫോണില്ലാതെ ഒരുനിമിഷം പോലും ജീവിക്കാനാവില്ല എന്ന രീതിയിലേക്ക് കാലവും മനുഷ്യനും മാറിക്കഴിഞ്ഞിരിക്കുന്നു. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും എന്തിന് ബാത്‌റൂമിൽ പോകുമ്പോൾ പോലും ഫോണില്ലാതെ പറ്റില്ല എന്ന അവസ്ഥയിലാണ് പലരും.
'ഗവേഷണമനുസരിച്ച്, ഏകദേശം 80 ശതമാനം സ്മാർട്ട്ഫോൺ ഉപയോക്താക്കളും എല്ലാ ദിവസവും രാവിലെ ഉറക്കമുണർന്ന് 15 മിനിറ്റിനുള്ളിൽ അവരുടെ മൊബൈൽ ഫോൺ പരിശോധിക്കുന്നവരാണെന്നാണ് പഠനങ്ങൾ പറയുന്നത്. രാവിലെ ഫോൺ തപ്പിക്കൊണ്ടാണ് പലരും എഴുന്നേൽക്കുന്നത് തന്നെ. മുഖം പോലും കഴുകാതെ കുറേയധികം നേരെ ഫോണിലെ വിശേഷങ്ങൾ അറിഞ്ഞശേഷമായിരിക്കും കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്നത് തന്നെ...എന്നാൽ ഈ ശീലം നല്ലതല്ലെന്നാണ് പോഷകാഹാര വിദഗ്ധയായ ലവ്‌നീത് ബത്ര പറയുന്നത്. തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ഇക്കാര്യം പങ്കുവെച്ചത്.
ഉണരുന്ന ആദ്യത്തെ ഒരു മണിക്കൂറിൽ സ്മാർട്ട് ഫോൺ പരിശോധിക്കുന്നത് ഒരു മോശം പ്രവണതയാണെന്ന് അവർ പറയുന്നു. ഉണർന്ന ഉടനെ ഇമെയിലുകളും ഇൻസ്റ്റഗ്രാം സ്റ്റോറികളും പരിശോധിക്കുമ്പോൾ നിങ്ങളുടെ സമയവും ശ്രദ്ധയും നഷ്ടപ്പെടുകയും ഇതുവഴി നിങ്ങളെ ഉൽപ്പാദനക്ഷമത കുറയ്ക്കുമെന്നും അവർ പറയുന്നു. രാവിലെ ആദ്യം ഫോണുകൾ പരിശോധിക്കുമ്പോൾ പ്രഭാത ദിനചര്യകൾ നമുക്ക് നഷ്ടമാകും. നമ്മുടെ സൗകര്യത്തിനും ഇഷ്ടത്തിനും സമയത്തിനും പ്രഭാത ദിനചര്യകൾ ചെയ്യുന്നതിന് പകരം ഫോണുകൾ നമ്മുടെ സമയം നിശ്ചയിക്കുന്നു. രാവിലെ ഫോണുകൾ തുറക്കുമ്പോൾ വരുന്ന ഇമെയിലുകൾ, ജോലിസംബന്ധമായ അറിയിപ്പുകൾ, ദുഃഖകരമായ വാർത്തകൾ ഇവയെല്ലാം തലച്ചോറിന് സമ്മർദമുണ്ടാക്കുകയും അത് നിങ്ങളുടെ ദിവസം മുഴുവൻ ബാധിക്കുകയും ചെയ്യുമെന്നും അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച റീലിൽ പറയുന്നു.
'നിങ്ങളുടെ ആരോഗ്യത്തിനും സന്തോഷത്തിനും മുൻഗണന നൽകാൻ തയ്യാറാണെങ്കിൽ, ഫോണിൽ നോക്കിക്കൊണ്ട് ദിവസം തുടങ്ങരുതെന്നും ലവ്‌നീത് ബത്ര ഉപദേശിക്കുന്നു. ഈ ശീലം മാറ്റാനായി ചില നുറുങ്ങുകളും അവർ മുന്നോട്ട് വെക്കുന്നുണ്ട്. അത് ഇവയൊക്കെയാണ്...
* രാവിലെ എഴുന്നേറ്റ ഉടനെ 10 മിനിറ്റ് യോഗ ചെയ്യാനോ നടക്കാനോ മാറ്റിവെക്കുക
* 10-15 മിനിറ്റ് നേരം വാതിലോ ജനാലയോ തുറന്ന് അൽപം കാറ്റും വെളിച്ചവും കൊള്ളുക
*ലളിതവും ആരോഗ്യകരവുമായ പ്രഭാതഭക്ഷണം തയ്യാറാക്കുക.
രാവിലെ എഴുന്നേറ്റാൽ എനിക്ക് ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ടെന്നും അവ ഏതൊക്കെയാണെന്നും പ്ലാൻ ചെയ്യുക.അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ ഫോൺ എടുത്തുനോക്കാൻ തിരക്കുകൂട്ടില്ലെന്ന് പറഞ്ഞുകൊണ്ടാണ് അവർ ഇൻസ്റ്റഗ്രാം പോസ്റ്റ് അവസാനിപ്പിക്കുന്നത്.