'ഹോളി നേരത്തെ ആരംഭിച്ചുകഴിഞ്ഞു; ഇത് 2024ന്‍റെ മുന്നോടി'- പ്രധാനമന്ത്രി

തെരഞ്ഞെടുപ്പ് വിജയത്തിൽ നിർണായക പിന്തുണയായത് സ്ത്രീ വോട്ടർമാരുടെ വോട്ടുകളാണെന്നും തനിക്ക് സുരക്ഷാ കവചമായത് ഭാരതത്തിലെ അമ്മ പെങ്ങന്മാരുടെ പ്രാർത്ഥനയാണെന്നും പ്രധാനമന്ത്രി

Update: 2022-03-10 16:59 GMT
Editor : afsal137 | By : Web Desk
Advertising

ഹോളി നേരത്തെ ആരംഭിച്ചു കഴിഞ്ഞുവെന്നും ഈ വിജയം 2024ലും വരാനിരിക്കുന്ന വിജയം ഉറപ്പ് വരുത്തുന്നതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാതലത്തിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. അഞ്ച് സംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഉജ്ജ്വല വിജയത്തിനു പിന്നിൽ പ്രവർത്തിച്ചവരെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. ഇത് ആഘോഷത്തിന്റെ ദിനമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ജനങ്ങൾക്കുള്ള ആനുകൂല്യം അവരുടെ വീട്ടിലെത്തിക്കാതെ തനിക്ക് കസേരയിലിരിക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പഞ്ചാബ് ഒഴികെയുള്ള നാല് സംസ്ഥാനങ്ങളിൽ ബിജെപി ചരിത്ര വിജയമാണ് നേടിയത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയെയും പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. നിരവധി പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത ഉത്തർപ്രദേശ് ഇതാദ്യമായാണ് അഞ്ച് വർഷം ഭരിച്ച മുഖ്യമന്ത്രിക്ക് വീണ്ടും അവസരം നൽകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

''ഗോവയെ സേവിക്കാൻ മൂന്നാം വട്ടവും എൻഡിഎയ്ക്ക് ജനങ്ങൾ അവസരം നൽകി, ഉത്തരാഖണ്ഡിലും പുതിയ ചരിത്രം സൃഷ്ടിക്കപ്പെട്ടു, പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണിത്, സർക്കാർ സേവനങ്ങൾക്കായി ജനങ്ങൾ ഓഫീസുകളിൽ കാത്ത് നിൽക്കേണ്ടി വന്നിരുന്നു, കൈക്കൂലി നൽകേണ്ടി വന്നിരുന്നു, മുൻ കാലങ്ങളിൽ പാവങ്ങൾക്കായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഇവയൊന്നും അവകാശികളുടെ കയ്യിൽ എത്തിയിരുന്നില്ല, ഇത് അവരിലേക്ക് എത്തിക്കാൻ മികച്ച ഭരണ നിർവഹണം ആവശ്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പാവപ്പെട്ട മുഴുവൻ ആളുകൾക്കും സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് സ്വാതന്ത്ര്യ ദിനത്തിൽ താൻ പ്രഖ്യാപിച്ചിരുന്നു, വിജയത്തിൽ നിർണായക പിന്തുണയായത് സ്ത്രീ വോട്ടർമാരുടെ വോട്ടുകളാണെന്നും തനിക്ക് സുരക്ഷാ കവചമായത് ഭാരതത്തിലെ അമ്മ പെങ്ങന്മാരുടെ പ്രാർത്ഥനയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

യുപിയിലെ സാധാരണക്കാരെ ജാതി അടിസ്ഥാനത്തിൽ മാത്രമാണ് അഭ്യസ്ത വിദ്യരായ ജനങ്ങൾ കണ്ടിരുന്നത്, ഇത് ഉത്തർപ്രദേശിനെ തന്നെ അപമാനിക്കലാണ്, തെരഞ്ഞെടുപ്പിലും ഇതേ ജാതി രാഷ്ട്രീയമാണ് കണ്ടത്, ജാതി രാജ്യത്തെ ഒരുമിപ്പിക്കാനാണെന്നും തകർക്കാൻ അല്ലെന്നും മോദി പറഞ്ഞു. അതേസമയം കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. കുടുംബാധിപത്യം ജനാധിപത്യത്തെ തകർക്കുകയാണെന്ന് പ്രധാനമന്ത്രി തുറന്നടിച്ചു. ആദ്യം അഴിമതി നടത്തിയവർ പിന്നീട് നടപടി വരുമ്പോൾ ചോദ്യങ്ങൾ ഉന്നയിക്കുന്നു, അഴിമതി അവസാനിക്കണം, തങ്ങൾക്ക് നേരെ നടപടി വരുമ്പോൾ അതിന് സാമുദായിക നിറം നൽകാൻ ഇക്കൂട്ടർ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News