'100 കോടി': തെരഞ്ഞെടുപ്പ് തന്ത്രജ്ഞനെന്ന നിലയിൽ തന്റെ ഫീസ് വെളിപ്പെടുത്തി പ്രശാന്ത് കിഷോർ

വിവിധ സംസ്ഥാനങ്ങളിലെ പത്ത് സർക്കാറുകൾ തന്റെ തന്ത്രങ്ങൾ അനുസരിച്ചാണ് ഇപ്പോഴും പ്രവർത്തിക്കുന്നതെന്നും പ്രശാന്ത് കിഷോര്‍ വെളിപ്പെടുത്തുന്നു

Update: 2024-11-02 04:12 GMT
Editor : rishad | By : Web Desk
Advertising

പറ്റ്‌ന: തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ അടുത്തിടെയാണ് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ജൻ സൂരജ് എന്ന പാർട്ടി ബിഹാറിലെ ഉപതെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുകയാണ്. ഇതിനകം തന്നെ നിരവധി അവകാശവാദങ്ങളാണ് അദ്ദേഹം ഉയർത്തിയത്.

ഇപ്പോഴിതാ അദ്ദേഹത്തിന്റെയൊരു പ്രസംഗം ശ്രദ്ധ നേടുകയാണ്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ എന്ന നിലയിൽ ഈടാക്കിയ ഫീസിനെക്കുറിച്ചാണ് പറയുന്നത്. 100 കോടിയിലധികം രൂപയാണ് തന്റെ സേവനത്തിന് ഈടാക്കിയത് എന്നാണ് പ്രശാന്ത് കിഷോര്‍ വെളിപ്പെടുത്തിയത്. വിവിധ സംസ്ഥാനങ്ങളിലെ പത്ത് സർക്കാറുകൾ തന്റെ തന്ത്രങ്ങൾ അനുസരിച്ചാണ് ഇപ്പോഴും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ബിഹാറിലെ ബെലഗഞ്ചിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ക്യാമ്പയിനുകൾക്ക് എങ്ങനെ പണം കണ്ടെത്തുന്നു എന്ന് തന്നോട് ആളുകൾ ചോദിക്കുന്നുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

'' എന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി മതിയായ പണമില്ലെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഞാൻ അത്ര ദുർബലനാണെന്നാണോ കരുതിയത്. ബിഹാറിൽ ഞാൻ ഈടാക്കിയത് പോലൊരു ഫീസിനെ കുറിച്ച് ആരും കേട്ടിട്ടുണ്ടാവില്ല. തെരഞ്ഞെടുപ്പിൽ ഞാനൊരു പാർട്ടിക്ക് ഉപദേശം നൽകിയാൽ എന്റെ ഫീസ് 100 കോടിയോ അതിലധികമോ ആണ്. അടുത്ത രണ്ട് വർഷത്തേക്ക് എന്റെ പ്രചാരണം കൊണ്ടുപോകാൻ അത്തരമൊരു ഉപേദേശം മതി''- ഇങ്ങനെയായിരുന്നു പ്രശാന്ത് കിഷോറിന്റെ വാക്കുകൾ.

ബിഹാറിലെ നാല് നിയമസഭാ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. ഈ നാല് സീറ്റുകളിലും ജൻ സൂരജ് സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. ബെലഗഞ്ചിൽ നിന്ന് മുഹമ്മദ് അംജദ്, ഇമാംഗഞ്ചിൽ നിന്ന് ജിതേന്ദ്ര പാസ്വാൻ, രാംഗഢിൽ നിന്ന് സുശീൽ കുമാർ സിംഗ് കുശ്വാഹ, തരാരിയിൽ നിന്ന് കിരൺ സിംഗ് എന്നിവരാണ് പാർട്ടി സ്ഥാനാര്‍ഥികള്‍. നവംബർ 13നാണ് ഉപതെരഞ്ഞെടുപ്പ്. 23ന് ഫലം പ്രഖ്യാപിക്കും. ഇതിനിടെ ജൻ സൂരജ് പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ 'സ്കൂൾ ബാഗ്' ചിഹ്നമായി അനുവദിച്ചു.

സംസ്ഥാനത്ത് ഗുണമേന്മയുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് അദ്ദേഹം ഊന്നിപ്പറയുന്നത്. ബിഹാറില്‍ അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ മദ്യനിരോധനം അവസാനിപ്പിക്കുമെന്നും വരുമാനം വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താൻ ഉപയോഗിക്കുമെന്നും പ്രശാന്ത് കിഷോർ നേരത്തെ വ്യക്തമാക്കിയിരുന്നു.  അതിനാല്‍ സ്കൂൾ ബാഗ് ചിഹ്നമായി അനുവദിച്ചത് തനിക്ക് നേട്ടമാകുമെന്നാണ് പ്രശാന്ത് കിഷോര്‍ വിലയിരുത്തുന്നത്. 

പ്രചാരണ തന്ത്രങ്ങളുടെ ഏകോപനത്തിലും നടത്തിപ്പിലും വിദഗ്‌ധനായ പ്രശാന്ത് കിഷോർ, നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2014ലെ പൊതുതെരഞ്ഞെടുപ്പിനെ നേരിട്ടാണ് വാർത്തകളിൽ ഇടംപിടിച്ചത്.  വൻവിജയത്തോടെ മോദി സർക്കാർ അധികാരത്തിൽ എത്തിയതോടെ പ്രശാന്ത് കിഷോറിന്റെ ഗ്രാഫ് ഉയർന്നു. ബിജെപി നേടിയ വൻ വിജയത്തിനു പിന്നാലെ പാർട്ടി നേതൃത്വവുമായി അകന്ന പ്രശാന്തിനെ നിതീഷ് കുമാർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. 2015ൽ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിനു വേണ്ടി തന്ത്രങ്ങൾ മെനയാൻ നിയോഗിച്ചു. ബിജെപിയെ തോൽപിച്ച് മഹാസഖ്യം ഭരണത്തിലേറിയതോടെ പ്രശാന്ത് വീണ്ടും താരമായി. പഞ്ചാബ് നിയമസഭാ തെരഞ്ഞടുപ്പിലുള്‍പ്പെടെ കോൺഗ്രസിന് വേണ്ടിയും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.   

ഇതിനിടെയാണ് എല്ലാവരുമായും അകന്ന് സ്വന്തം പാർട്ടി രൂപീകരിച്ച് ബിഹാറിൽ പോരാട്ടത്തിനിറങ്ങുന്നത്. സർക്കാർ വിരുദ്ധ വോട്ടുകൾ ഭിന്നിക്കുമോ എന്ന ആശങ്ക പ്രതിപക്ഷമായ ആർജെഡിക്കുണ്ട്. അതിനാൽ കരുതിയാണ് പ്രശാന്തിന്റെ നീക്കങ്ങളെ ലാലുവും തേജസ്വി യാദവും നേരിടുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News