ആന്ധ്രാപ്രദേശ് ട്രെയിൻ അപകടത്തിൽ മരണം 11 ആയി; 50 പേർക്ക് പരിക്ക്
അപകടത്തെ തുടർന്ന് 18 ട്രെയിനുകൾ റദ്ദാക്കി. 22 ട്രെയിനുകൾ വഴി തിരിച്ചുവിട്ടു.
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. 50 പേർക്ക് പരിക്കേറ്റതായി റെയിൽവേ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ഓവർ ഹെഡ് കേബിൾ തകരാർ മൂലം നിർത്തിയിട്ട വിശാഖപട്ടണം-രായഗഡ പാസഞ്ചർ ട്രെയിനിന് പിന്നിലേക്ക് പാലാസ എക്‌സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തെ തുടർന്ന് 18 ട്രെയിനുകൾ റദ്ദാക്കി. 22 ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. വൈകിട്ട് നാല് മണിയോടെ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് റെയിൽവേ അറിയിച്ചു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകും.
അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രി വൈ.എസ് ജഗ്മോഹൻ റെഡ്ഡി 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശിൽ നിന്നുള്ളവർക്കാണ് ഈ സാമ്പത്തിക സഹായം. മരിച്ചവരുടെയും ഇതര സംസ്ഥാനക്കാരുടെയും കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം നൽകും. ഗുരുതരമായി പരിക്കേറ്റ ആന്ധ്രാപ്രദേശിൽ നിന്നുള്ള യാത്രക്കാർക്ക് രണ്ട് ലക്ഷം രൂപ വീതവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് 50,000 രൂപ വീതവും ലഭിക്കും.